Sorry, you need to enable JavaScript to visit this website.

ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസ്; കുറ്റവാളികൾ വീണ്ടും കൂട്ടിലാകുമോ?

 ന്യൂദൽഹി - പ്രമാദമായ ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടിക്കെതിരെയുള്ള പുനപ്പരിശോധനാ ഹരജിയിലെ സുപ്രിംകോടതി ഇടപെടലിൽ കാതോർത്ത് നിയമമനുഷ്യാവകാശ വൃത്തങ്ങൾ. കേസിലെ ഇരയായ ബിൽക്കീസ് ബാനു സമർപ്പിച്ച ഹരജിയിൽ ഉടനെ വാദം കേൾക്കാമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്ന് വ്യക്തമാക്കിയിരുന്നു.
  2002-ലെ ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 കൊടും ക്രിമിനലുകളെ ഗുജറാത്ത് സർക്കാർ വിട്ടയക്കാൻ ശിപാർശ ചെയ്തത് സുപ്രിംകോടതിയുടെയും മറ്റു കീഴ് കോടതികളുടെയും മുൻകാല വിധികൾക്കും നിരീക്ഷണങ്ങൾക്കും വിരുദ്ധമാണെന്നാണ് വിമർശം.
 2022 ഏപ്രിലിൽ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയിലെ ഒരു ബെഞ്ച് കുറ്റവാളികളെ വിട്ടയക്കാനുള്ള അധികാരം സംസ്ഥാനത്തിന് ഏകപക്ഷീയമായി വിനിയോഗിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹരിയാന കോടതിയും സമാനമായൊരു വിധി പുറപ്പെടുവിച്ചതാണ്. സംസ്ഥാന സർക്കാറും വി മോഹിന്ദർ സിംഗുമായുള്ള കേസിൽ ശിക്ഷാ ഇളവ് അനുവദിക്കുന്നത് 'കൃത്യമായ വിവരത്തിന്റെയും ന്യായത്തിന്റെയും' അടിസ്ഥാനത്തിൽ യുക്തിസഹമാകണമെന്ന് അടിവരയിട്ട് ഓർമിപ്പിച്ചതാണ്. അതേപോലെ, തമിഴ്‌നാട് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കുറ്റവാളികളുടെ ജയിൽമോചനം കുറ്റകൃത്യത്തിന്റെ സ്വഭാവത്തെ ദുർബലപ്പെടുത്തരുതെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയതാണ്. 
 എന്നാൽ ബിൽക്കീസ് ബാനു കേസിൽ ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയുടെ ഒരു നിർദേശത്തിന്റെ മറപിടിച്ച് കൊടും ക്രിമിനലുകളെ രക്ഷിച്ചെടുക്കാൻ കോടതിവിധിയെ ദുരുപയോഗപ്പെടുത്തുകയാണുണ്ടായതെന്നു പറയുന്നു.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)


 'കുറ്റവാളികളുടെ മോചനം സംസ്ഥാനത്തിന്റെ പ്രത്യേക അവകാശത്തിന്റെ കാര്യമല്ല, മറിച്ച് ഗവൺമെന്റിന് നൽകുന്ന ഉചിതമായ അധികാരമാണെന്നാണ്' സുപ്രീം കോടതിയുടെ മുൻകാല വിധികളിൽനിന്ന് മനസ്സിലാവുക. ആ ഉചിതമായ അധികാരങ്ങൾ നിയമവും നീതിയും അട്ടിമറിക്കാൻ ഇടയാക്കുന്ന നടപടികളിലേക്ക് പോയിക്കൂടെന്നു ചുരുക്കം.
  ലക്ഷ്മൺ നസ്‌കർ കേസിലെ മോചനവുമായി ബന്ധപ്പെട്ടുയർന്ന ചോദ്യങ്ങളും ഏറെ പ്രസക്തമാണ്. കുറ്റകൃത്യം സമൂഹത്തെ ബാധിക്കാത്ത ഒരു വ്യക്തിഗത കുറ്റകൃത്യമാണോ, ഭാവിയിൽ കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ടോ, കുറ്റവാളിക്ക് കുറ്റകൃത്യം ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടുണ്ടോ, കുറ്റവാളിയുടെ ജയിൽവാസം-കുടുംബ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയിൽ ഊന്നി നിൽക്കുന്ന ആ ചോദ്യങ്ങളെയെല്ലാം കീഴ്‌മേൽ മറിക്കുന്ന നടപടിയാണ് കുറ്റവാളികളെ മോചിപ്പിച്ചതിലൂടെ ഗുജറാത്ത് സർക്കാറിൽനിന്നുണ്ടായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജയിലിൽനിന്ന് പുറത്തിറങ്ങിയ ക്രിമിനലുകൾക്കു നൽകിയ സ്വീകരണവും ഗുജറാത്ത് സർക്കാർ ഇവർക്കു നൽകുന്ന വഴിവിട്ട സഹായങ്ങളും ഇരകളെ കൂടുതൽ ആശങ്കപ്പെടുത്തുന്നതും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതുമാണ്. 
 ബിൽക്കിസ് കേസിലെ ഇളവ് സംബന്ധിച്ച വിഷയം സുപ്രീം കോടതി പരിഗണിക്കുമ്പോൾ, ഇളവ് അപേക്ഷകളിൽ ശിക്ഷാ കോടതിയുടെ പ്രിസൈഡിംഗ് ഓഫീസറുടെ അഭിപ്രായം സംസ്ഥാനത്തിന് വഴിയൊരുക്കിയിട്ടുണ്ടോ എന്നും പരിശോധിക്കും. പ്രിസൈഡിംഗ് ജഡ്ജിയുടെ അഭിപ്രായം, ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം, കുറ്റവാളികളുടെ രേഖ, അവരുടെ പശ്ചാത്തലം, മറ്റ് പ്രസക്തമായ ഘടകങ്ങൾ തുടങ്ങിയവ പരിശോധിച്ചാണ് 'ശിക്ഷ ഇളവ് ചെയ്യണമോ വേണ്ടയോ' എന്നതിൽ സുപ്രിംകോടതി അന്തിമ വിധി പുറപ്പെടുവിക്കുക. 
  ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിന് അഞ്ചുമാസം ഗർഭിണിയായ തന്നെ കൂട്ടമായി ബലാൽസംഗം ചെയ്യുകയും, മൂന്നുവയസ്സുള്ള കുട്ടി ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരേയാണ് ബിൽക്കീസ് ബാനു സുപ്രിംകോടതിയെ സമീപിച്ചത്. കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതികളെ മോചിപ്പിക്കാൻ ആഗസ്ത് 15നാണ് ഗുജറാത്ത് സർക്കാർ ഉത്തരവിട്ടത്. ഈ ഉത്തരവ് മരവിപ്പിക്കണമെന്നും കുറ്റവാളികളുടെ ശിക്ഷായിളവ് പിൻവലിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
   കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21-നാണ് മുംബൈയിലെ സി.ബി.ഐ കോടതി 11 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് മൂംബൈ ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവെക്കുകയുണ്ടായി. എന്നാൽ, 15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി നിർദ്ദേശിച്ചതിനെ തുടർന്ന് സർക്കാർ സുജാൽ മായാത്രയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിഷനെ നിയോഗിച്ച് ഇളവ് അനുവദിക്കാൻ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകളുടെയും മറ്റും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. 
 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടിക്കെതിരേ സുപ്രിംകോടതിയിൽ നിരവധി ഹരജികളാണുള്ളത്. അതിനിടെയാണ് ബിൽക്കീസ് ബാനു തന്നെ നേരിട്ട് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നടന്നത് മഹാരാഷ്ട്രയിലാണെന്നും പ്രതികളെ വിട്ടയയ്ക്കുന്ന കാര്യത്തിൽ ഗുജറാത്തല്ല, മഹാരാഷ്ട്രയാണ് തീരുമാനമെടുക്കേണ്ടതെന്നും ഹരജിയിലുണ്ട്. പ്രതികളുടെ 'നല്ല പെരുമാറ്റവും' കേന്ദ്ര സർക്കാറിന്റെ അംഗീകാരവും ലഭിച്ചതിനാലാണ് പ്രതികളെ അകാലത്തിൽ മോചിപ്പിച്ചതെന്നാണ് ഗുജറാത്ത് സർക്കാറിന്റെ വാദം. എന്നാൽ ഇത് പച്ചയായ നുണയാണെന്ന് തെളിവുകൾ നിരത്തി ഹരജിക്കാരിയുടെ വക്കീൽ സ്ഥാപിക്കുന്നു. പ്രതികൾ പരോളിൽ ഇറങ്ങിയപ്പോൾ നടത്തിയ ഭീഷണികളും ഉപദ്രവങ്ങളും സ്ത്രീപീഡനങ്ങളും അടക്കം ചൂണ്ടിക്കാട്ടി എൻ.ഡി.ടി.വി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഗുജറാത്ത് സർക്കാറിന്റെ 'നല്ല പെരുമാറ്റ' ന്യായീകരങ്ങളെ പൊളിച്ചിരുന്നു. ഒരു സംസ്ഥാനത്തെയും കേന്ദ്ര ഭരണകൂടത്തോടുമുള്ള ബിൽക്കീസ് ബാനുവിന്റെ നിയമപോരാട്ടത്തെ തുടർന്ന് അവർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രീംകോടതി വിധിച്ചിരുന്നു.
 ആൾക്കൂട്ട ആക്രമണങ്ങളും അനിഷ്ട സംഭവങ്ങളും ഇല്ലാതാക്കി, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ ബാധ്യസ്ഥരാണെന്നിരിക്കെ, കുറ്റവാളികളെ തുറന്നുവിട്ട നടപടി റദ്ദാക്കി 11 ക്രിമിനലുകളെയും വീണ്ടും ജയിലഴിക്കുള്ളിലാക്കണമെന്ന് രാജ്യവ്യാപകമായുള്ള വിവിധ പൗരാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്തായാലും കുറ്റവാളികളോടാണോ അതോ ഇരയോടാണോ കോടതി കനിയുകയെന്നു കാത്തിരുന്നു കാണാം.

Latest News