Sorry, you need to enable JavaScript to visit this website.

വിവാഹമില്ലാതെ എങ്ങനെ വിവാഹ മോചനം; സര്‍ക്കാര്‍ പരിഹാരം കണ്ടു

തിരുവനന്തപുരം- വിവാഹമോചിതരായ ദമ്പതികളുടെ പഴയ വിവാഹ റജിസ്‌ട്രേഷന്‍ 19 വര്‍ഷത്തിനു ശേഷം ചെയ്തു നല്‍കി തദ്ദേശ വകുപ്പ്. വിവാഹമോചനം നടന്ന് 15 വര്‍ഷം പിന്നിട്ട ശേഷമാണ് 19 വര്‍ഷം മുന്‍പുള്ള വിവാഹം റജിസ്റ്റര്‍ ചെയ്തു നല്‍കിയത്. സൈനികനായ പിതാവിന്റെ കുടുംബ പെന്‍ഷന്‍ ലഭിക്കാന്‍ മകള്‍ക്ക് വിവാഹമോചന സര്‍ട്ടിഫിക്കറ്റിനൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ടി വന്നു. ഈ ആവശ്യം പരിഗണിച്ചാണ് മന്ത്രി എം.ബി.രാജേഷിന്റെ നിര്‍ദേശപ്രകാരം വിവാഹം റജിസ്റ്റര്‍ ചെയ്തു നല്‍കാന്‍ പ്രത്യേക ഉത്തരവിറക്കിയത്.

വണ്ടാനം എസ്എന്‍ഡിപി കമ്യൂണിറ്റി ഹാളില്‍ 2003 ഫെബ്രുവരി രണ്ടിന് വിവാഹിതരായ ദമ്പതികള്‍ അന്നു വിവാഹം റജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഏറ്റുമാനൂര്‍ കുടുംബക്കോടതി വിധി പ്രകാരം 2007 സെപ്റ്റംബര്‍ 14ന് ഇവര്‍ വിവാഹമോചിതരായി. സൈനികനായിരുന്ന പിതാവിന്റെ കുടുംബപെന്‍ഷന്‍ ലഭിക്കുന്നതിനായി മകള്‍ വിവാഹമോചനം നേടിയതിന്റെ രേഖ ഹാജരാക്കിയപ്പോള്‍, വിവാഹം നടന്നതിന്റെ രേഖയും ആവശ്യപ്പെട്ടു. എന്നാല്‍ മുന്‍ ഭര്‍ത്താവ് ഹാജരാകാനോ രേഖകള്‍ സമര്‍പ്പിക്കാനോ തയാറായില്ല. അതിനാല്‍ പഞ്ചായത്ത് റജിസ്ട്രാര്‍ വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ തള്ളി. തുടര്‍ന്ന് വിവാഹ പൊതു മുഖ്യ റജിസ്ട്രാര്‍ ജനറലായ തദ്ദേശ (റൂറല്‍) വകുപ്പ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കി.

എന്നാല്‍, ഇതു സംബന്ധിച്ച് നിയമങ്ങളോ കീഴ്‌വഴക്കങ്ങളോ ഇല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ തീരുമാനത്തിനു വിട്ടു. തുടര്‍ന്നാണ് ഉത്തരവിറങ്ങിയത്.വിവാഹം നടന്നുവെന്ന് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിവാഹമോചനം അനുവദിച്ചത്. അതിനാല്‍ വിവാഹം റജിസ്റ്റര്‍ ചെയ്തു നല്‍കാമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. വിവാഹമോചിതരായ ദമ്പതികള്‍ക്ക് ഇപ്രകാരം മുന്‍ വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതു തടയുന്ന നിയമ വ്യവസ്ഥകള്‍ നിലവിലില്ല.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫിസില്‍  അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നു വൈകിട്ടോടെ വിവാഹ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനില്‍ ലഭ്യമാക്കി. ജനപക്ഷത്തു നിന്നുള്ള സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.   പരേതരായ ദമ്പതികളുടെ വിവാഹം 53 വര്‍ഷത്തിനു ശേഷം റജിസ്റ്റര്‍ ചെയ്യാന്‍ തദ്ദേശ വകുപ്പ് നേരത്തെ അനുവാദം നല്‍കിയിരുന്നു.

 

 

Latest News