കൊച്ചി- എല്ലാം ദൈവ വിധിയാണെന്നും നടന്‍ ദിലീപിന്റെ കാര്യത്തില്‍ താന്‍ അങ്ങനെയാണ് വിശ്വസിക്കുന്നതെന്നുമുള്ള നടി സുബ്ബലക്ഷ്മിയുടെ പ്രതികരണം ചര്‍ച്ചയായി. മുത്തശ്ശി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയം കീഴടക്കിയ നര്‍ത്തകിയാണ് നടി സുബ്ബലക്ഷ്മി. നന്ദനം, കല്യാണ രാമന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അവര്‍ ശ്രദ്ധ നേടി. 86 കാരിയായ സുബ്ബലക്ഷ്മി ഇപ്പോഴും ചെറിയ വേഷങ്ങളൊക്കെ ചെയ്ത് സിനിമയില്‍ സജീവമാണ്.
ദിലീപ് നല്ല പയ്യന്‍ ആണ്. അവന്റെ കൂടെ ഞാന്‍ കുറെ പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. എല്ലാ പടത്തിന്റെ സെറ്റില്‍ വച്ചും വന്നു ചോദിക്കും അമ്മൂമ്മേ ദോശ കഴിച്ചോ ചായ കുടിച്ചോ എന്ന്. കിട്ടി ഇല്ലെങ്കില്‍ എന്നോട് പറയണം, അവരെയെല്ലാം ഞാന്‍ ഇപ്പോ ഓടിക്കും എന്ന് പറഞ്ഞിട്ടുണ്ട്. നല്ല രീതിയില്‍ ആണ് ഇടപെടുക. മകനായിട്ടോ, പേരക്കുട്ടി ആയിട്ടോ എങ്ങനെ വേണമെങ്കിലും കരുതാം.എന്നോട് നല്ല രീതിയില്‍ ആണ് മോന്‍ ഇടപെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കാര്യങ്ങള്‍ ഒന്നും എനിക്ക് ഉള്‍കൊള്ളാനേ കഴിഞ്ഞിട്ടില്ല. എനിക്ക്, എന്റെ മനസ്സില്‍ വിശ്വാസം വരുന്നില്ല. കാരണം നമ്മളോട് അങ്ങനെ പെരുമാറിയിട്ടില്ല. എന്നെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ഇപ്പോഴും തമാശകള്‍ പറഞ്ഞു ചിരിച്ചു നടക്കുന്ന പയ്യന്‍.
എത്ര പടം ചെയ്തു. ഏതെങ്കിലും ഒരു മോശം അനുഭവം എനിക്ക് ഉണ്ടായിട്ടില്ല. പിന്നെ എങ്ങനെ പറയാന്‍ പറ്റും. എല്ലാം വിധിയാണ്. വിധി ആരെയും വിടൂല്ല. ഏതെങ്കിലും ഒരു രൂപത്തില്‍ വിധി അവരില്‍ എത്തിച്ചേരും. അങ്ങനെയാണ് ഞാന്‍ വിചാരിക്കുന്നത്. സുബ്ബലക്ഷ്മി പറഞ്ഞു.