Sorry, you need to enable JavaScript to visit this website.

മുറിവുകളുടെ താരാട്ട്.... 

ഓർമ

കുട്ടിക്കാലത്തെ ചില മുറിവുകൾ വർഷങ്ങൾക്കു ശേഷവും ഉണങ്ങാതെ നിന്നേക്കാം. മുതിർന്നവർ പറഞ്ഞ വാക്കുകൾ, അവ മനസ്സിൽ ഏൽപിക്കുന്ന നൊമ്പരം എത്ര വലുതായിക്കഴിഞ്ഞാലും ചോരയിറ്റുന്ന മുറിവുപോലെ ജീവിത കാലം മുഴുവൻ പിന്തുടർന്നു കൊണ്ടിരിക്കും. അത്തരത്തിൽ ഓർമയിൽ ഉണങ്ങാതെ, വ്യക്തിത്വത്തെ പോലും സാരമായി ബാധിച്ച അനുഭവങ്ങളാണ്പറയുന്നത് .
വീട്ടിലെ എട്ടു മക്കളിൽ ഏഴാമത്തേതായിരുന്നു ഞാൻ. അസാമാന്യ സൗന്ദര്യവും കഴിവുകളുമുള്ള സഹോദരങ്ങൾക്കിടയിൽ ഞാനെന്നും ഒറ്റപ്പെട്ടു  നിന്നു. എനിക്ക് ഇരുണ്ട നിറമായിരുന്നു. ഭാവിയെ പറ്റിയുള്ള മുതിർന്നവരുടെ ചിന്തകളിൽ എന്റെ നിറം എന്നുമൊരു ചോദ്യഹ്നമായി. വെളുപ്പ് നിറത്തോട് അന്ധമായ ആരാധനയുള്ള സമൂഹത്തിൽ ഒരു ശാപം പോലെ എന്റെ നിറം വ്യാഖ്യാനിക്കപ്പെട്ടു. അതിന്റെ പേരിൽ പരിഹാസങ്ങളും തരംതാഴ്ത്തലുകളും എന്നും പൊതിഞ്ഞു നിന്നു.
കൂട്ടുകാരുമൊത്തുള്ള കളി വഴക്കുകളിൽ എന്നെ നിലംപരിശാക്കാനുള്ള അവരുടെ വജ്രായുധം എന്റെ നിറത്തെ അധിക്ഷേപിക്കലായിരുന്നു. ' നിന്നെ തവിട് കൊടുത്തു വാങ്ങീതാ... അതല്ലേ നിനക്കീ കറുപ്പ് നിറം. ചെട്ടിയമ്മായിടെ കുട്ട്യാവും ആമീ ' അത്രേം കേൾക്കുമ്പോഴേക്കും അവിടെ നിന്ന് ഓടിക്കളയും. ഒറ്റക്കിരുന്നു ആരും കാണാതെ കരയും. രാത്രി ഉറങ്ങാൻ നേരം ഉമ്മാനോട് അതീവ രഹസ്യമായി ചോദിക്കും, 'എന്നെ തമിഴത്തിയോൾടെ കയ്യീന്ന് വാങ്ങീതാ ഉമ്മാ ...? '.
രാവിലെ മുതലുള്ള അദ്ധ്വാനം മൂലം ക്ഷീണിച്ചു ഉറക്കം പിടിച്ചു തുടങ്ങുന്ന ഉമ്മ എന്നും ഒരേ ഉത്തരം തരും 'ഒന്ന് മിണ്ടാതെ കിടന്നുറങ്ങുന്നുണ്ടോ നീ ...' .
ശൂന്യതയിലേക്ക് മിഴി നട്ട് ആലോചിച്ചു കിടക്കും 'എങ്ങാനും തമിഴത്തിയുടെ കുട്ട്യാവോ ഇനി ഞാൻ?'.
അക്കാലത്ത് ഞാൻ ഏറ്റവും വെറുത്തിരുന്നത് താരതമ്യ പഠനവും താഴ്ത്തിക്കെട്ടലും ആയിരുന്നു. കണ്ണാടികളെ ഭയപ്പെട്ടിരുന്നു.വാപ്പ വെളുത്തു തുടുത്തയാളായിരുന്നു. ഓരോ തവണ ലീവിൽ വരുമ്പോഴും ചുവന്നു തുടുത്ത കവിളുകളും വെളുവെളുത്ത കാലടികളുമായി കടന്നു വരുന്നയാൾ. ഒരു ദിവസം ഞാൻ വാപ്പാടെ മടിയിൽ ഇരിക്കുമ്പോൾ ഒരയൽവാസി സൗഹൃദ സന്ദർശനത്തിനെത്തി .
എന്നെയും വാപ്പയെയും ഒരുമിച്ചു കണ്ട അയാൾ പറഞ്ഞ കമന്റ് 'നെയ്‌ച്ചോറും പോത്തിറച്ചിയും പോലെ' എന്നാണ്. എന്തുകൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞു.
പിന്നീട് അതിഥികൾ വരുമ്പോഴെല്ലാം ഞാനെന്റെ കറുത്ത്, വീഴ്ചയുടെ മുറിവുകൾ സമ്മാനിച്ച പാടുകൾ നിറഞ്ഞ, മൊരിപിടിച്ച കാൽപാദങ്ങൾ ഒളിപ്പിക്കാൻ പാടുപെടും.
പ്രാർഥിക്കാൻ പഠിച്ച നാൾ മുതൽ ഒരേ ഒരു കാര്യം മാത്രേ ദൈവത്തോട് അപേക്ഷിച്ചിരുന്നുള്ളൂ. എങ്ങനെയെങ്കിലും എന്നെയൊന്നു വെളുപ്പിച്ചു തരണം. വല്ലിമ്മ പറയാറുള്ള അറബിക്കഥകളിലെ രാജകുമാരിമാരെപ്പോലെ ഒരു ദിവസം ഉറങ്ങി എണീക്കുമ്പോൾ വെളുത്തു തുടുത്ത ഒരു സുന്ദരി ആയിമാറുന്ന സ്വപ്‌നമെന്നും കണ്ടിരുന്നു. അതൊരിക്കലും യാഥാർത്ഥ്യമായില്ലെന്ന് മാത്രമല്ല, എനിക്ക് നേരെയുള്ള പരിഹാസത്തിന്റെ ശരങ്ങൾ കൂടിക്കൊണ്ടേയിരുന്നു.
അന്നുണ്ടായ അരക്ഷിതാവസ്ഥയുടെ അംശങ്ങൾ എന്റെയുള്ളിൽ കുടിൽകെട്ടി പാർത്തു. അതിൽനിന്ന് പുറത്തു കടക്കാനൊരു കൈ പിടിക്കാൻ എനിക്കാരുമുണ്ടായിരുന്നില്ല. 
സ്‌കൂളിൽ മാർക്ക് കുറയുമ്പോൾ ഉമ്മ വഴക്ക് പറയുന്നത്, സഹോദരങ്ങളുടെ കുഞ്ഞു കുഞ്ഞു തമാശകളിലെ വാക്കുകൾ, എല്ലാം ഞാൻ ഇതിനോട് ചേർത്ത് വായിച്ചു. എന്റെയുള്ളിലെ സ്വയം മതിപ്പിനെ പൂർണമായും അതില്ലാതാക്കി. എനിക്കെല്ലാവരോടും എന്നോട് തന്നെയും ദേഷ്യമായിരുന്നു. വേദന നിറഞ്ഞ അനുഭവങ്ങളുടെ കാഠിന്യം കുറക്കാനായി ചിലരെയൊക്കെ ഞാൻ വെറുക്കുക പോലും ചെയ്തു .


കറുത്തവർ എല്ലാം ഒന്നിനും കൊള്ളാത്തവർ ആണെന്നും ഈ ലോകം സൃഷ്ടിക്കപ്പെട്ടത്വെളുത്തവർക്ക് വേണ്ടിയാണെന്നും ഉള്ള എന്റെ ധാരണകളെ തിരുത്തി എഴുതിയത്ഇടവക വികാരിയും എന്റെ സ്‌കൂളിലെ സ്ഥിരം സന്ദർശകനും ആയിരുന്ന ഫാദർ ജോസെഫ് ആയിരുന്നു. ഫാദർ ഇടക്കൊക്കെ കുട്ടികൾക്ക് കൗൺസലിംഗ് നടത്തിയിരുന്നു. അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്.
'കറുത്തവർ ഒക്കെ ഭരതനാട്യം പഠിച്ചിട്ട് എന്തിനാ? മേക്കപ്പ് ചെയ്താൽഒരു ഭംഗി വേണ്ടേ..? ' എന്ന ഡാൻസ് ടീച്ചറുടെ കമന്റ് കേട്ട് ഞാൻ ആയിടെ നൃത്തപഠനം നിർത്തിയിരുന്നു. അതിന്റെ കാരണം പലവട്ടം സ്‌കൂളിലെ എന്റെ ലോക്കൽ ഗാഡിയൻ ആയിരുന്ന മദർ ചോദിച്ചിട്ടും ഞാൻ പറയാത്തത് കൊണ്ട് ഒരു ഉപദേശകൻ എന്ന നിലയിലാണ് ഫാദർ ആദ്യമായി എന്റെ മുന്നിൽ വരുന്നത്.
ശാരീരികമായ വൈകല്യങ്ങൾ ഒന്നുമില്ലാതെ സൃഷ്ടിച്ചതിനു ദൈവത്തോട് ഒരിക്കലെങ്കിലും നന്ദി പറഞ്ഞിട്ടുണ്ടോഎന്നായിരുന്നു ആദ്യ ചോദ്യം. അപ്പോഴാണ് ഞാൻ അതിനെക്കുറിച്ച് ആലോചിക്കുന്നത്. എത്ര വേഗമാണ് ഫാദർ എന്റെയുള്ളിലെ ചിന്താഗതികളെ തിരുത്തി എഴുതിയത്. എന്നെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. എന്റെ ധാരണകൾ തിരുത്തി സ്വയം തെളിയാനുള്ള വാശിയും മത്സര ബുദ്ധിയും എന്റെ ഉള്ളിൽ ഉണ്ടാക്കിയത്ആ കണ്ടുമുട്ടൽ ആയിരുന്നു. അരക്ഷിത വികാരങ്ങൾക്ക് സ്വന്തംഹൃദയത്തിൽ ഇടം നൽകി ഞാൻ എന്റെ ജീവിതം കയ്പുനിറഞ്ഞതാക്കുകയായിരുന്നു. കുട്ടിക്കാലത്തെ മുറിവുകളോട് ഞാൻ വിട പറയുകയായിരുന്നു.
ഇന്ന് സന്തോഷിക്കാനുള്ള വകകൾ ചുറ്റും നിറഞ്ഞു കിടക്കുന്നത് കാണുമ്പോൾ അതിശയം തോന്നുന്നു. ഇത്രയേറെ സന്തോഷങ്ങളെ കാണാതിരിക്കാൻ മാത്രം അന്ധത എനിക്കെങ്ങനെ ഉണ്ടായി.
ലോകം മുഴുവൻ കീഴ്‌പ്പെടുത്തുന്നതിനേക്കാൾ പ്രധാനമാണ്ഒരിഞ്ചു അവനവനിലേക്ക് പ്രവേശിക്കുക എന്ന റിൽകേയുടെ മൊഴികൾ.
എന്തിനേയും ശരിയായ രീതിയിൽ സ്വീകരിക്കുക എന്നത് തീർച്ചയായും എല്ലാവരും സ്വായത്തമാക്കേണ്ട ഗുണമാണ്. സ്വയമറിയലാണ് ഏറ്റവും വലിയ ജ്ഞാനം.ആ തിരിച്ചറിവുകളാണ് മനുഷ്യനെ ഭേദപ്പെട്ട വളർച്ചകളിലേക്കും അതിജീവനങ്ങളിലേക്കും എത്തിക്കുന്നത്.
ഇപ്പോഴും പലരും എന്നെ കൃഷ്ണ (ചുരുണ്ട മുടി, ഇരുണ്ട നിറം) എന്നും കരീന ( കരിഞ്ഞത് എന്നർത്ഥത്തിൽ ) എന്നും വിളിക്കുന്നു. ഇന്നു അതൊക്കെ പുഞ്ചിരിയോടെ നേരിടാൻ ഞാൻ പഠിച്ചു കഴിഞ്ഞു.
ജീവിതകാലം മുഴുവനുമുണ്ടായേക്കാവുന്ന വാക്കുകളുടെ മുറിവിൽ നിന്നും എന്നെ രക്ഷപ്പെടുത്തിയ പ്രിയ ഫാദർ നിങ്ങളെ ഞാൻ സ്‌നേഹിക്കുന്നു.
ഇത്രയും പറഞ്ഞത്;നിസ്സാരമായി നമ്മൾ പറഞ്ഞു അവസാനിപ്പിക്കുന്ന വാക്കുകൾ, തമാശകൾ എന്നിവ കേൾക്കുന്നവരുടെ ഹൃദയത്തിൽ എത്ര ആഴത്തിൽ പതിയുമെന്നു നമ്മൾ ഓർക്കാറില്ല. ഒരുപക്ഷേ പിന്നീട് അവരത് തുറന്നു പറയുന്ന നിമിഷത്തിൽ നമ്മൾ നടുങ്ങിപ്പോയേക്കാം. നമ്മൾ അങ്ങനെ ഉദ്ദേശിച്ചില്ല എന്നല്ലാതെ എന്താവും നമുക്ക് പറയാൻ കഴിയുക?. കുറവുകളെഅതേ അർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നവർ എണ്ണത്തിൽ വളരെകുറവായിരിക്കും. ജീവിതത്തിലെ എല്ലാ ബന്ധങ്ങളും നിലനിർത്താൻ വാക്കുകൾഅതീവ ശ്രദ്ധയോടെ ഉപയോഗിക്കുക. വാക്കുകളുടെ മുറിവുകൾ ഏറ്റുവാങ്ങുന്നവരെ സംബന്ധിച്ച് അത് നൽകുന്ന പ്രത്യാഘാതങ്ങൾ മറികടക്കാൻ വിഷമമായിരിക്കും. അല്ലെങ്കിൽ അതിനു കഴിയണം എന്നുമില്ല.
നിറത്തിന്റെ പേരിൽ, ശാരീരികമായ പ്രത്യേകതകളുടെ പേരിൽ, ജാതിയുടെ പേരിൽ എല്ലാംഅധിക്ഷേപിക്കും മുമ്പേ ഓർക്കുക, 'ആരും ഒന്നിലും പൂർണരല്ല'. എന്നെ പരിഹസിച്ച, അല്ലെങ്കിൽ ജീവിതത്തെ പ്രായോഗികമായി നേരിടാൻ സജ്ജമാക്കിയ എന്റെ പ്രിയമുള്ളവരേ.. നിങ്ങളോട് ഞാൻ അഗാധമായി കടപ്പെട്ടിരിക്കുന്നു. നിങ്ങളെ ഞാൻ വല്ലാതെ സ്‌നേഹിക്കുകയും ചെയ്യുന്നു.


 

Latest News