വെള്ളിയാഴ്ച പുറത്തിറങ്ങിയ അഞ്ച് ചിത്രങ്ങളുള്‍പ്പെടെ അവധിക്കാലത്ത് കേരളത്തിലെ കൊട്ടകകളില്‍ നിരവധി സിനിമകളെത്തി. എന്നാല്‍ കാര്യമായ നേട്ടമുണ്ടാക്കയിത് ശ്രീനിവാസനും വിനീത് ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച അരവിന്ദന്റെ അതിഥികള്‍. കുടുംബ പശ്ചാത്തലത്തിലൊരുക്കിയ സിനിമയില്‍ ഉര്‍വ്വശി, അജു വര്‍ഗിസ്, ബിജുക്കുട്ടന്‍, ശ്രീജയ, പ്രേംകുമാര്‍, വിജയരാഘവന്‍, കെപിഎസി ലളിത, ബൈജു, സ്‌നേഹ ശ്രീകുമാര്‍, ശാന്തികൃഷ്ണ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഒന്നാംതരം ഫീല്‍ഗുഡ് എന്റര്‍ടൈനര്‍ ആണ് അരവിന്ദന്റെ അതിഥികള്‍. സ്വരൂപ് ഫിലിപ്പ് എന്ന ഛായാഗ്രാഹകന്‍ മിഴിവുറ്റ ഫ്രെയ്മുകളിലാക്കിയിരിക്കുന്നു. രഞ്ജന്‍ എബ്രഹാം എന്ന ചിത്രസംയോജകന്‍ 122 മിനിറ്റില്‍ മനോഹരമാക്കി. ഷാന്‍ റഹ്മാന്റെ സംഗീത മികവും ശ്രദ്ദേയമായി. അഞ്ചാം വയസ്ലില്‍ കൊല്ലൂരിലെ മൂകാംബിക ക്ഷേത്ര പരിസരത്ത് നവരാത്രി തിരക്കുകള്‍ക്കിടയില്‍ അമ്മ ഉപേക്ഷിച്ചുപോയ അരവിന്ദന്റെ (വിനീത് ശ്രീനിവസന്‍) കഥയാണ് സിനിമ. കരഞ്ഞു വിളിച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ നിസ്സഹായനായി നടന്ന അരവിന്ദനെ ക്ഷേത്രപരിസരത്തുള്ള ലോഡ്ജുകാരനായ മാധവേട്ടന്‍ (ശ്രീനിവാസന്‍) എടുത്തു വളര്‍ത്തുന്നു. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ ഹൈലൈറ്റ് ഫസ്റ്റ് ഹാഫാണ്.. അരവിന്ദനുമായി ബന്ധപ്പെട്ട ആളുകളിലൂടെയും ലോഡ്ജില്‍ വരുന്ന അതിഥികളിലൂടെയും മറ്റുമായി പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നു. നര്‍മ്മ മധുരമായ മുഹൂര്‍ത്തങ്ങള്‍ മാത്രമല്ല, അഭിനയിക്കുന്ന ആളുകളുടെ നിറഞ്ഞാട്ടം കൊണ്ടു കൂടിയാണ് ഇത് സാധിച്ചത്. സെക്കന്റ് ഹാഫും മുഷിപ്പിച്ചില്ല. അരവിന്ദനായുള്ള വിനീതിന്റെ പ്രകടനം കരിയറിലെ കുതിച്ചുചാട്ടം രേഖപ്പെടുത്തി. ശ്രീനിവാസന്‍ തെല്ലും വെറുപ്പിച്ചില്ല എന്നതും എടുത്തുപറയേണ്ട കാര്യമാണ്.. ഉര്‍വശിയുടെ മിന്നുന്ന തിരിച്ചുവരവ് എണ്‍പതുകളിലെയൂം തൊണ്ണൂറുകളിലെയും മായിക പ്രകടനങ്ങള്‍ ഓര്‍മ്മിപ്പിച്ചു. കഥ പറയുമ്പോള്‍, മാണിക്കല്ല്, എന്നീ സിനിമകള്‍ക്ക് ശേഷം എം മോഹനന്‍ സംവിധാനം ചെയ്ത സിനിമ ഏപ്രില്‍ 27 നാണ് പ്രദര്‍ശനം തുടങ്ങിയത്.