ആലുവ-ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ചെന്നൈയില്‍ മെഡിസിന് പഠിക്കുകയാണ് താരം ഇപ്പോള്‍. മീനാക്ഷിയെ കുറിച്ച് നിരവധി ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അത്തരമൊരു ഗോസിപ്പിനെ കുറിച്ച് മനസ്സുതുറക്കുകയാണ് മീനാക്ഷിയുടെ അച്ഛന്‍ ദിലീപ്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് സീസണ്‍ മൂന്ന് വേദിയിലെത്തിയപ്പോഴാണ് താരം ഇതേകുറിച്ച് സംസാരിച്ചത്.മീനാക്ഷിയുടെ വിവാഹ കാര്യമാണ് അത്. മീനാക്ഷിയുടെ വിവാഹത്തെ കുറിച്ച് ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ടല്ലോ എന്നാണ് ടി.വി അവതാരക മീര ദിലീപിനോട് ചോദിച്ചത്. ഇതിനു രസകരമായ മറുപടിയാണ് ദിലീപ് നല്‍കിയത്.
'ഞാനും സോഷ്യല്‍ മീഡിയ വഴിയാണ് മീനാക്ഷിയുടെ വിവാഹമായി എന്ന വാര്‍ത്തയൊക്കെ കേട്ടത്. ഞാന്‍ മാത്രമല്ല മോളും അങ്ങനെയാണ് അറിയുന്നത്. ഞങ്ങള്‍ രണ്ട് പേരും ഇതുവരെ അതിനെ കുറിച്ച് അറിഞ്ഞിട്ടില്ല.' -ദിലീപ് പറഞ്ഞു.
ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകളാണ് മീനാക്ഷി. മഞ്ജുവുമായുള്ള ബന്ധം ദിലീപ് ഉപേക്ഷിച്ചെങ്കിലും മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് ഇപ്പോള്‍.