ഷൂട്ടിംഗിനിടയില്‍ ജിറാഫിന്റെ തലകൊണ്ടുള്ള ഇടിയേറ്റ് സംവിധായകന്‍ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ സംവിധായകന്‍ കാര്‍ലോസ് കാര്‍വാലോയാണ് (47)കൊല്ലപ്പെട്ടത്. രാജ്യാന്തര തലത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള സംവിധായകനാണ് മരിച്ച കാര്‍ലോസ് കാര്‍വാലോ.ജിറാഫിന്റെ തലകൊണ്ടുള്ള ഇടിയേറ്റ് അഞ്ച് മീറ്റര്‍ ഉയരത്തിലേക്കു തെറിച്ചു പോയ കാര്‍ലോസ് തലയിടിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാര്‍ലോസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വന്യ ജീവികളുടെ സാന്നിദ്ധ്യം ആവശ്യമായിരുന്ന ഒരു സീന്‍ ചിത്രീകരിക്കുന്നതിനായി ഗ്ലെന്‍ ആഫ്രിക് എന്ന സ്വകാര്യ വന്യജീവി പാര്‍ക്കില്‍ എത്തിയതായിരുന്നു ഷൂട്ടിംഗ് സംഘം. ജിറാഫും മാനുകളും ഉള്ള സ്ഥലമാണ് ഷൂട്ടിംഗിനായി തിരഞ്ഞെടുത്തത്. ഇതിനിടെ അപ്രതീക്ഷിതമായി ജിറാഫ് സംവിധായകനെ ആക്രമിക്കുകയായിരുന്നു. ഓടി വന്ന ജിറാഫ് സംവിധായകനെ തല കൊണ്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ ഹെലികോപ്ടറില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാധാരണ മനുഷ്യരെ ആക്രമിക്കാത്ത ജീവിയാണ് ജിറാഫ്. പക്ഷേ അതിവേഗം ഓടാനും വന്യമൃഗങ്ങളെ പോലും തൊഴിച്ചു കൊല്ലാന്‍ ശക്തിയുള്ളവയാണ് .സിംഹത്തെ പോലും തൊഴിച്ചു കൊല്ലാന്‍ ശേഷിയുള്ള കാലുകളുമാണ് ജിറാഫിനെ അപകടകാരികളാക്കുന്നത്.