ന്യൂദൽഹി - ബ്രേക് വാക്വം ഹോസിലെ സാങ്കേതിക തകരാർ പരിശോധിക്കുന്നതിന് 52,686 പുതിയ സ്വിഫ്റ്റ്, ബലെനോ യൂണിറ്റുകൾ മാരുതി സുസുക്കി തിരിച്ചുവിളിച്ചു. ഈ മോഡലുകളിൽ സാങ്കേതിക തകരാറിനു സാധ്യതയുണ്ടെന്നും പ്രശ്‌നം കണ്ടെത്തുന്നതിനു വേണ്ടിയാണ് സർവീസ് ക്യാമ്പയിൻ നടത്തുന്നതെന്നും മാരുതി വ്യക്തമാക്കി. 2017 ഡിസംബർ ഒന്നിനും 2018 മാർച്ച് 16നും ഇടയിൽ നിർമ്മിച്ച കാറുകളിലാണ് പ്രശ്‌നസാധ്യത നിലനിൽക്കുന്നത്.
മേയ് 14 മുതൽ ഈ കാറുകളുടെ പരിശോധന ആരംഭിക്കും. കാർ ഉടമകളെ ഡീലർമാർ നേരിട്ട് ബന്ധപ്പെടും. ഡീലർമാരാണ് പരിശോധന നടത്തുക. പ്രശ്‌നങ്ങളുള്ള യന്ത്രഭാഗം മാറ്റിനൽകുമെന്നും കമ്പനി അറിയിച്ചു. മാരുതിയുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ പുതിയ രൂപം രണ്ടു മാസം മുമ്പാണ് നിരത്തിലിറങ്ങിയത്. എയർബാഗുകളിലെ പ്രശ്‌നത്തെ തുടർന്ന് 2016ൽ 75,419 ബലെനോ യൂണിറ്റുകൾ മാരുതി തിരിച്ചു വിളിച്ചിരുന്നു.