കൊച്ചി- മെഗാ സ്റ്റാര്‍ മമ്മൂട്ടി ഇടതിന് വേണ്ടി കോട്ടയത്തോ എറണാകുളത്തോ ലോക്‌സഭ സ്ഥാനാര്‍ഥിയാകുമെന്നത് ചില രാഷ്ട്രീയ ലേഖകരുടെ പതിവ് സ്‌കൂപ്പുകളിലൊന്നാണ്. മമ്മൂട്ടിയുടെ തിരക്കുകള്‍ കാരണമോ പാര്‍ട്ടിയ്ക്ക് നിര്‍ത്താന്‍ പിടിപാടുള്ളവര്‍ വേറെ ഉള്ളതിനാലും ഇത് നടക്കാറില്ല. എന്നാല്‍ കൊച്ചിയിലിതാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇടതു സ്ഥാനാര്‍ഥിയായി മമ്മൂട്ടി വോട്ട് തേടുന്ന ചിത്രം പുറത്തു വന്നിരിക്കുന്നു. തീക്കോയി ഗ്രാമ പഞ്ചായത്ത് 3-ാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നെഴുതിയ ഫ്ളക്സിന്റെ ലൊക്കേഷന്‍ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയുടെ ചിത്രീകരണം പുരോഗമിക്കുന്ന പുതിയ ചിത്രമാണ് കാതല്‍. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ കഥാപാത്രം മത്സരിക്കുന്നുമുണ്ട്. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന്‍ ജിയോ ബേബി ഒരുക്കുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായിക. നടിയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18നാണ് സിനിമ പ്രഖ്യാപിച്ചത്.