ചെന്നൈ- കമല്‍ ഹാസനെ നായകനാക്കി പുതിയ സിനിമ പ്രഖ്യാപിച്ച് മണിരത്‌നം. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍-മണിരത്‌നം കൂട്ട്‌കെട്ടില്‍ മറ്റൊരു ചിത്രം ഒരുങ്ങാന്‍ പോകുന്നത്. 1987-ല്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'നായകന്‍' ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. മുംബൈയിലെ അധോലോക നായകന്റെ വളര്‍ച്ചയും ഒടുക്കവും വൈകാരികമായി പറഞ്ഞു വെച്ച നായകനെ കള്‍ട്ട് ക്‌ളാസിക് ഗണത്തിലാണ് സിനിമാ പ്രേമികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബോളിവുഡില്‍ അടക്കം റീമേക്ക് ചെയ്യപ്പെട്ട നായകന് ശേഷം ആ കൂട്ട്‌കെട്ടിലെ പുതിയ സിനിമയുടെ പ്രഖ്യാപനം ആരാധകര്‍ വലിയ പ്രതീക്ഷയോടെ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.
ചോള രാജവംശത്തിന്റെ കഥാപശ്ചാത്തലത്തില്‍ ഒരുങ്ങിയ 'പൊന്നിയിന്‍ സെല്‍വന്‍' ഒന്നാം ഭാഗത്തിന്റെ മികച്ച വിജയത്തിന് ശേഷമാണ് മണിരത്‌നം കമല്‍ ഹാസന്റെ സിനിമാ ജീവിതത്തിലെ 234-ാം ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മണി രത്‌നം തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. കമല്‍ ഹാസന്റെ രാജ്കമല്‍ ഇന്റര്‍നാഷണല്‍ മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് സംയുക്തമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്മാനാണ്. മണിരത്‌നം- കമല്‍ ഹാസന്‍- എ ആര്‍ റഹ്മാന്‍ കൂട്ട്‌കെട്ടില്‍ പിറക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും പേര് നിശ്ചയിക്കാത്ത ചിത്രത്തിനുണ്ട്. കമല്‍ ഹാസന്റെ 69-ാം പിറന്നാളിന് മുന്നോടിയായി നിര്‍മാതാക്കളില്‍ ഒരാളായ ഉദയനിധി സ്റ്റാലിനാണ് ചിത്രത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.