പുതിയ തലമുറ താരങ്ങള്‍ക്കിടയില്‍ ഏറ്റവും മിടുക്കനാരെന്ന് ചോദിച്ചാല്‍ നിസംശയം പറയാം- ഫഹദ് ഫാസില്‍. ആദ്യ സിനിമയിലെ പെര്‍ഫോമന്‍സ് കണ്ട് ഗുണം പിടിക്കില്ലെന്ന് കണ്ടാണ് യു.എസില്‍ പഠിക്കാന്‍ പറഞ്ഞയച്ചത്. എന്നാല്‍ രണ്ടാം വരവ് അടിപൊളിയാക്കി ഫഹദ് ഫാസില്‍ പ്രേക്ഷക മനസ്സുകളില്‍ സ്ഥിര പ്രതിഷ്ട നേടുകയായിരുന്നു. ഇന്ത്യന്‍ പ്രണയ കഥ, തൊണ്ടി മുതലും ദൃക്സക്ഷായിയും എന്നു വേണ്ട തൊടുന്നതെല്ലാം പൊന്നാക്കിയ നടന്. ഒന്നും കാണാതെ കേന്ദ്ര അവാര്‍ഡ് കമ്മിറ്റി മികച്ച നടനായി തെരഞ്ഞെടുക്കില്ലോ. ഇതൊന്നും വിദ്വേഷ പ്രചാരകര്‍ക്ക് കാര്യമല്ല. സൈബര്‍ ലോകത്ത് അരങ്ങേറുന്ന കോലാഹലം കണ്ടാല്‍ അബൂബക്കര്‍ ബഗ്ദാദിയുടെ വകയില്‍ ഒരു അനന്തരവനാമ ്ഫഹദെന്ന് തോന്നും. ദല്‍ഹി അവാര്‍ഡ് വിഷയത്തില്‍ കൂടുതല്‍ ശക്തമായി പ്രതികരിച്ച ഭാഗ്യലക്ഷ്മിയേയും വെറുതെ വിടുന്നില്ല. രണ്ട് പേരും വിദേശ മൂലധന ശക്തികളില്‍ നിന്ന് പണം പറ്റി ഇന്ത്യയെ നാറ്റിക്കാനുള്ള പരിപാടിയാണ് കേന്ദ്ര ഇന്റലിജന്‍സ് പൊളിച്ചതെന്നാണ് ലേറ്റസ്റ്റ് ഹേറ്റ് കാമ്പയിന്. എന്നാല്‍ ഫഹദിന് ആഹ്ലാദിക്കാനും വകയുണ്ട്. സംഘികളുടെ ബഹിഷ്കരണ കാമ്പയിന് കൊണ്ട് ഗുണം പിടിച്ച ഖാന്മാരെ പോലെ പടങ്ങളെല്ലാം സൂപ്പര്‍ ഹിറ്റാകുമെന്ന മറുപ്രചാരണവുമായി സൈബര്‍ സഖാക്കളുമുണ്ട്. ഈ പരമ്പരയില്‍ ഏറ്റവും ശ്രദ്ധേയമായത് റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിലാഷ് മോഹനന്റെ പ്രകടനമാണ്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണിപ്പെടുത്തിയ ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന് കടുത്ത ഭാഷയില്‍ മറുപടി നല്കി അഭിലാഷ്. 'വിവേചനം ആരുടെ അജണ്ട' എന്ന എഡിറ്റേഴ്സ് അവറിനിടെ ഭീഷണിയുമായി രംഗത്തുവന്നപ്പോഴായിരുന്നു അവതാരകന് രൂക്ഷമായി പ്രതികരിക്കേണ്ടി വന്നത്. ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ബഹിഷ്കരിച്ച ഫഹദ് ഫാസിലിനും സംവിധായകന് അനീസ് മാപ്പിളക്കുമെതിരെ സംഘപരിവാര്‍ നടത്തുന്ന സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം.ഫഹദ് ഫാസില്‍ അഭിനയിക്കുന്ന സിനിമ കാണില്ലെന്ന് പറഞ്ഞ നിങ്ങള്‍ അവാര്‍ഡ് ബഹിഷ്കരിച്ച ഭാഗ്യലക്ഷ്മിയുടെ കാര്യത്തിലും വി സി അഭിലാഷിന്റെ കാര്യത്തിലും ഈ നിലപാട് സ്വീകരിക്കുന്നില്ല. ഇതിനു പിന്നില്‍ സങ്കുചിത മനോഭാവമല്ലെ എന്നായിരുന്നു അവതാരകനായ അഭിലാഷിന്റെ ചോദ്യം. ഈ ചോദ്യത്തിന് കടുത്ത ഭാഷയിലാണ് ബി ഗോപാലകൃഷ്ണന് മറുപടി നല്‍കിയത്. അഭിലാഷ് നിങ്ങളൊരു മാന്യനാണെന്നുള്ളതു കൊണ്ടാണ് ഞാന്‍ ഇതുവരെ മാന്യമായ ഭാഷയില്‍ സംസാരിച്ചത്. നിങ്ങളുടെ ഈ ചോദ്യത്തിന് ഞാന്‍ അമാന്യമായ ഭാഷയില്‍ മറുപടി പറയണം. അത് എന്നെക്കൊണ്ട് പറയിപ്പിക്കരുത്. അത് പറയുന്ന ആളാണ് ഞാന്‍ എന്ന് ബി ഗോപാലകൃഷ്ണന് പറഞ്ഞപ്പോള്‍, ഭീഷണിയൊന്നും വേണ്ട, ചോദിച്ച ചോദ്യത്തിനുള്ള മറുപടി മാത്രം മതിയെന്നും അങ്ങനെ ഭീഷണിപ്പെടുത്തിയാല്‍ പേടിക്കുന്നയാളൊന്നുമല്ല ഇവിടെ, ഈ അവാര്‍ഡ് നിരസിച്ചവരെയൊക്കെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും, അവാര്‍ഡ് നിരസിച്ചവരെയായാലും ഭീഷണിപ്പെടുത്തേണ്ടതില്ലെന്ന് അവതാരകന് തിരിച്ചടിച്ചു.കേരളം അഭിലാഷിനെ പോലെയുള്ള കുറച്ചാളുകളുടെ തറവാട്ടു സ്വത്തല്ലെന്ന് പ്രതികരിച്ച ബി ഗോപാലകൃഷ്ണനോട്, ബി ജെ പിക്കാരുടെ ഭീഷണിക്ക് മുമ്പില്‍ ആലിലപോലെ വിറച്ചുപോകുന്നവരൊന്നുമല്ല ഇവിടെയുള്ളതെന്നും അഭിലാഷ് പറഞ്ഞു.