ആലപ്പുഴ- മലയാളികളുടെ ഇഷ്ട നായകനാണ് ചാക്കോച്ചന്‍ എന്ന വിൡപ്പേരുള്ള കുഞ്ചാക്കോ ബോബന്‍. സിനിമാ രംഗത്ത് മൂന്നാം തിരിച്ചു വന്നതിന്റെ ആഹ്ലാദ കൊടുമുടിയേറിയ ചാക്കോച്ചന്‍ ഇന്ന് 46-ാം പിറന്നാള്‍ ആഘോഷിക്കുന്നു. കരിയറിന്റെ 25ാം വര്‍ഷത്തില്‍ എന്നാ താന്‍ കേസ് കൊട് പോലുള്ള മെഗാ ഹിറ്റ് സിനിമയിലെ മികവുറ്റ കഥാപാത്രവുമുണ്ട്.
1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലെത്തിയത്. നടനെ താര പദവിയിലേക്ക് ഉയര്‍ത്തിയ സിനിമയായിരുന്നു അത്. ചാക്കോച്ചന്‍ ശാലിനി കോമ്പിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അനിയത്തിപ്രാവില്‍ അഭിനയിച്ചതിന് അമ്പതിനായിരം രൂപയാണ് കുഞ്ചാക്കോ ബോബന് പ്രതിഫലമായി കിട്ടിയത്.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് നടന്‍ പ്രിയയെ വിവാഹം കഴിച്ചത്. 2005 ഏപ്രില്‍ 22നായിരുന്നു ഇവരുടെ വിവാഹം. 2019ലാണ് ദമ്പതികള്‍ക്ക് മകന്‍ ജനിച്ചത്. ഭാര്യ തന്റെ നല്ലൊരു സുഹൃത്താണെന്നും എല്ലാ കാര്യങ്ങളും തങ്ങള്‍ പരസ്പരം പങ്കുവയ്ക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു
ഒരു അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു പരിധിയില്‍ കവിഞ്ഞ് സിനിമ ചെയ്യരുതെന്ന് ഭാര്യ പറഞ്ഞിരുന്നെന്നും ആ അഭിപ്രായം മാനിച്ചാണ് മുമ്പ് ഒരു ബ്രേക്ക് എടുത്തതെന്നും താരം പറയുന്നു
സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത സമയത്ത് ബിസിനസ് ചെയ്തെങ്കിലും അത് വിചാരിച്ചത്ര ലാഭത്തിലായില്ല. ഈ സമയത്ത് സിനിമയില്‍ മികച്ച അവസരങ്ങള്‍ വന്നിരുന്നെങ്കിലും വേണ്ടെന്നു വെക്കുകയായിരുന്നു. അങ്ങനെ അവസരം കിട്ടിയിട്ടും ചെയ്യാതെപോയ രണ്ട് സിനിമകളാണ് ക്ലാസ്മേറ്റ്‌സും മാടമ്പിയും. ഈ രണ്ട് ചിത്രങ്ങളും ചെയ്യാന്‍ സാധിക്കാതെ പോയതില്‍ അന്ന് വിഷമിച്ചെന്നും താരം വ്യക്തമാക്കി. ഭാര്യ കാരണമാണ് കുഞ്ചാക്കോ ബോബന്‍ സിനിമകളില്‍ നിന്ന് ഇടവേളയെടുത്തതെന്ന രീതിയില്‍ അന്ന് പ്രചാരങ്ങളുണ്ടായിരുന്നു
കരിയറിന്റെ തുടക്കകാലത്ത് നിരവധി സുന്ദരിമാരുടെ ഹൃദയങ്ങള്‍ കീഴടക്കിയ നടനായിരുന്നു ചാക്കോച്ചന്‍. എന്നാല്‍, സിനിമയിലെത്തുന്നതിനു മുന്‍പും താന്‍ അങ്ങനെ തന്നെയായിരുന്നെന്നാണ് താരം പറയുന്നത്. കോളേജില്‍ പഠിക്കുന്ന സമയത്തുണ്ടായ രസകരമായ അനുഭവം മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ താരം തുറന്നുപറഞ്ഞിട്ടുണ്ട്. കുട്ടുകാരന്റെ പ്രണയത്തിനായി ഒപ്പം നില്‍ക്കുകയും ഒടുക്കം കൂട്ടുകാരന്‍ പ്രണയിച്ചിരുന്ന പെണ്‍കുട്ടി തന്നെയാണ് പ്രണയിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ചാക്കോച്ചന്‍ വെട്ടിലാകുകയും ചെയ്തു. സിനിമയിലെ പോലെ രസകരമാണ് ചാക്കോച്ചന്റെ ക്യാംപസ് ലൈഫില്‍ സംഭവിച്ച ഈ കാര്യം.
കോളേജില്‍ അതിസുന്ദരിയായ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. എന്റെ കൂട്ടുകാരന് അവളോട് ഭയങ്കര പ്രേമം. പക്ഷേ, ചമ്മല്‍ കാരണം പ്രണയം അവളോട് നേരിട്ട് പറയാന്‍ മടി. ഒടുവില്‍ അവന്റെ പ്രണയദൂതുമായി ഞാന്‍ അവളെ സമീപിച്ചു. അപ്പോഴാണ് അറിയുന്നത് ആ പെണ്‍കുട്ടിക്ക് പ്രേമം എന്നോടായിരുന്നെന്ന്. ഇതു കേട്ട് കൂട്ടുകാരന്‍ തകര്‍ന്നുപോകേണ്ടെന്ന് കരുതി ഈ വിവരം ഞാന്‍ അവനോട് പറഞ്ഞില്ല. ആ സുന്ദരിയില്‍ നിന്ന് ഇഷ്ടവാക്ക് കേട്ടപ്പോള്‍ ചെറിയൊരു ചാഞ്ചാട്ടമുണ്ടായെങ്കിലും ചങ്ങാതിയെ ചതിക്കുന്നത് ശരിയല്ലെന്ന തോന്നലില്‍ പിന്നീട് ഞാന്‍ ആ ഭാഗത്തേക്ക് പോയില്ല.- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.