ഭോപ്പാല്‍- ടിവി സീരിയല്‍ നടി വൈശാലി ടക്കറിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന കരുതുന്ന ദമ്പതിമാരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. ഒളിവില്‍ കഴിയുന്ന ദമ്പതികള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചു.
'യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ' എന്ന ടിവി ഷോയിലൂടെ അഭിനയ ജീവിതം ആരംഭിച്ച വൈശാലി ഒക്ടോബര്‍ 16 നാണ് ഇന്‍ഡോറിലെ വസതിയില്‍ ആത്മഹത്യ ചെയ്തത്. അയല്‍വാസികളായ രാഹുല്‍ നവ്‌ലാനിയേയും ഭാര്യ ദിക്ഷ നവ്‌ലാനിയേയും കുറ്റപ്പെടുത്തുന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി.
രാഹുലിനേയും ദീക്ഷയേയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒളിവില്‍ കഴിയുന്ന ദമ്പതികള്‍ രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്.
യുഎസില്‍ താമസിക്കുന്ന അന്തരിച്ച നടിയുടെ പ്രതിശ്രുതവരനുമായും പോലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനും ദീക്ഷയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
അന്വേഷണത്തിനിടെ പോലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ വൈശാലിയുടെ അയല്‍വാസിയായ രാഹുല്‍ എന്ന പേര് പരാമര്‍ശിച്ചിരുന്നു. രാഹുല്‍ തന്നെ ശല്യപ്പെടുത്തുന്നതിനാലാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്നാണ് നടി വ്യക്തമാക്കിയത്.
ഉജ്ജയിന്‍ സ്വദേശിയായ വൈശാലി കഴിഞ്ഞ ഒരു വര്‍ഷമായി ഇന്‍ഡോറിലാണ് താമസം.