ഫേസ്ബുക്ക് ഇല്ലാത്ത ജീവിതം ചിന്തിക്കാന്‍ പറ്റാതായ കാലമാണിത്. ഇതിന്റെ സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന്റെ പ്രേമം പൊളിഞ്ഞതോടെയാണ് ആണിനും പെണ്ണിനും ഇടപഴകാന്‍ ഇത്തരമൊരു പ്ലാറ്റ്‌ഫോം ഒരുക്കിയതെന്നും കേട്ടിരുന്നു. അതെല്ലാം പഴയ കഥ. ഇടപാടുകാരുടെ ഡാറ്റ ചോര്‍ത്തി നാണം കെട്ടിരിക്കുകയാണ് ഇപ്പോള്‍ ഫേസ്ബുക്ക്. ഇതിന്റെ ഡാമേജ് പരിഹരിക്കാനുള്ള ആലോചനയിലാണ് സുക്കറണ്ണന്‍. ഇതിന്റെ ഭാഗമായെന്ന് വേണം കരുതാന്‍ ഫേസ്ബുക്കിലൂടെ ഡേറ്റിംഗ് സൗകര്യമേര്‍പ്പെടുത്തുന്നുവെന്നതാണ് ടെക് ലോകത്തെ ചൂടന്‍ വാര്‍ത്ത. പ്രണയ അതിരുകള്‍ കൂടുതല്‍ വിശാലമാക്കാനുള്ള ഒരുക്കത്തിലാണ് സുക്കര്‍ബര്‍ഗ്. പങ്കാളികളെ തേടാനും പ്രണയിക്കാനും വിവാഹത്തിലെത്താനും സഹായിക്കുന്ന ഡേറ്റിങ് ആപ്പാണ് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. യുവതയ്ക്കിടയില്‍ ഫേസ്ബുക്കിന്റെ പ്രചാരം ഇനിയും വര്‍ധിപ്പിക്കാനാവുമെന്നാണ് കരുതുന്നത്.
പുതിയ പ്രഖ്യാപനത്തോടെ ഓഹരിയില്‍ 1.1% ന്റെ വര്‍ധനവുണ്ടായി. ഉപയോക്താക്കളുടെ ഇടപെടല്‍ വെറുതെ വീഡിയോ കാണലും ചാറ്റുമായി ഒതുങ്ങുന്നത് കുറയ്ക്കാന്‍ ഡിസൈനില്‍ ഫേസ്ബുക്ക് ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചിലവഴിക്കുന്ന സമയത്തില്‍ വലിയ ഇടിവുണ്ടായി. ഇതിനെ പുതിയ ആപ്പിലൂടെ മറികടക്കാനാവുമെന്നാണ് സുക്കര്‍ബര്‍ഗ് കരുതുന്നത്. ഹൃദയാകൃതിയില്‍ ചുവപ്പു നിറത്തിലുള്ള ലോഗോയാണ് പുതിയ ആപ്പിന്. ഡേറ്റിങിനുള്ള അഭിരുചികള്‍ക്കനുസരിച്ചായിരിക്കും ഫേസ്ബുക്ക് പങ്കാളികളെ നിര്‍ദേശിക്കുന്നത്. സുക്കറണ്ണനോടാ കളി?