മോശമായി പെരുമാറിയ ആളെ അക്ഷര ഇടിച്ചിട്ടു; സഹോദരിയെ കുറിച്ച് ശ്രുതി ഹാസന്‍

മുംബൈ- മോശമായി പെരുമാറുന്നവരോട് താന്‍ വാക്കുകള്‍കൊണ്ടാണ് പ്രതികരിക്കുന്നതെങ്കില്‍ സഹോദരി അക്ഷര ഇത്തരക്കാരെ ശാരീരികമായാണ് നേരിടാറെന്ന് വെളിപ്പെടുത്തി കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസന്‍.  
ഒരിക്കല്‍ എന്നോട് ഒരാള്‍ മോശമായ ഭാഷയില്‍ സംസാരിച്ചു. സെക്കന്റുകള്‍ക്കുള്ളില്‍ അയാളുടെ ഉച്ചത്തിലുള്ള നിലവിളിയാണ് കേട്ടത്. നോക്കുമ്പോള്‍ അക്ഷര അയാളെ പിന്നില്‍ നിന്ന് ഇടിച്ചുകഴിഞ്ഞിരുന്നു. എന്റെ സഹോദരിയെ അങ്ങനെ വിളിക്കാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഇടി.  ഞാന്‍ ഇടപെട്ട് അക്ഷരയെ പിടിച്ചുമാറ്റുകയായിരുന്നു- ശ്രുതി ഓര്‍മിച്ചു.
ശ്രുതി അഭിനയത്തിലും സംഗീതത്തിലും തിളങ്ങിനില്‍ക്കുമ്പോള്‍ അക്ഷര ബോളിവുഡിലും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ആണധികാരം നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യന്‍ സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന് ശ്രുതി പറഞ്ഞു. സ്ത്രീകള്‍ എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച പലരുടേയും മനസിലുള്ള യാഥാസ്ഥിതിക കാഴ്ച്ചപ്പാടുകള്‍ ആഴത്തില്‍ വേരൂന്നിപ്പോയതാണെന്നും അവര്‍ പറഞ്ഞു.
ഒരു പരസ്യ ചിത്രീകരണത്തിനിടേയുണ്ടായ അനുഭവം ശ്രുതി പങ്കുവെച്ചു. 30 വയസ് പിന്നിട്ടില്ലേ  വിവാഹം കഴിക്കുന്നില്ലേ എന്നാണ് ഇതേ മേഖലയില്‍ നിന്നുള്ള ഒരാള്‍ പറഞ്ഞത്.  
ഈ കാഴ്ച്ചപ്പാട് ഏറെ അരോചകമായി തോന്നിയതിനെ തുടര്‍ന്ന് കൃത്യമായ മറുപടി അവര്‍ക്ക് നല്‍കിയതായും നടി പറഞ്ഞു. വിവാഹം സംബന്ധിച്ച് എനിക്കോ സിനിമാ മേഖലയിലെ മറ്റു സ്ത്രീകള്‍ക്കോ കിട്ടാത്ത എന്തെങ്കിലും പ്രത്യേക നിര്‍ദേശം നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടോ എന്ന് ഞാന്‍ തിരിച്ചുചോദിച്ചു. ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ വിവാഹത്തിന് പറ്റാത്തവരാകുമോ എന്നും ചോദിച്ചു. വിദേശരാജ്യങ്ങളില്‍ പോയി പഠിച്ച് ജീവിതനിലവാരം ഉയര്‍ത്തിയവരുടെ പോലും മനസ്സില്‍ ഇത്തരം ചിന്തകള്‍ മായ്ച്ചുകളയാനാകാത്ത വിധം ഉറച്ചുപോയിട്ടുണ്ടെന്നും നടി പറഞ്ഞു.
ഇല്ലൂസ്‌ട്രേറ്ററും ഡ്യൂഡില്‍ ആര്‍ട്ടിസ്റ്റുമായ ശാന്തനു ഹസാരികയുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും ശ്രുതി ഹാസന്‍ പറഞ്ഞു. തുല്യത എന്നത് തങ്ങള്‍ക്കിടയില്‍ ഒരു സംസാരവിഷയം പോലുമല്ലെന്നും തന്റെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി ഒരിക്കലും വഴക്കിടേണ്ടി വന്നിട്ടില്ലെന്നും ശ്രുതി പറഞ്ഞു.

 

Latest News