ഗ്രൂപ്പുകളിൽ 1024 പേരെ വരെ ചേർക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ പുറത്തിറക്കാനൊരുങ്ങി വാട്‌സാപ്. പരീക്ഷണത്തിലുള്ള പുതിയ ഫീച്ചർ സമീപ ഭാവിയിൽ തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.
ആൻഡ്രോയിഡ്, ഐ.ഒ.എസ് എന്നിവക്കായുള്ള വാട്‌സാപ് ബീറ്റയിൽ ഈ ഫീച്ചർ പരിമിത ഉപയോക്താക്കൾക്ക് ലഭ്യമായിട്ടുണ്ടെന്ന് വാട്‌സാപ്പിലെ പുതുമകൾ മുൻകൂട്ടി ഉപയോക്താക്കളിൽ എത്തിക്കുന്ന വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു.
ഉപയോക്താക്കൾക്ക് നിലവിലെ അവരുടെ വാട്ട്‌സാപ് അക്കൗണ്ടിൽ ഫീച്ചർ ലഭ്യമാണോ എന്ന് കാണാൻ പുതിയ ഗ്രൂപ്പ് ഉണ്ടാക്കുകയോ നിലവിലുള്ളതിൽ പുതിയ അംഗങ്ങളെ ചേർക്കുകയോ ചെയ്യാം. ഭാവിയിൽ ഈ വലിയ ഗ്രൂപ്പുകളിൽ അഡ്മിൻമാർക്ക് കൂടുതൽ നിയന്ത്രണം നൽകുന്നതിനായി പുതിയ ടൂളുകളും മെറ്റ ഉടമസ്ഥതിയിലുള്ള വാട്‌സാപ് വികസിപ്പിക്കുന്നുണ്ട്. ഗ്രൂപ്പുകളിൽ ചേരുന്നവരെ അംഗീകരിക്കാനുള്ള സംവിധാനവും പെൻഡിംഗ് അംഗങ്ങളുടെ പട്ടികയും ഇതിൽ ഉൾപ്പെടുന്നു.
പുതിയ ഫീച്ചറുകൾക്കൊപ്പം 256 പേരിൽനിന്ന് 512 പേരിലേക്ക് ഗ്രൂപ്പ് വികസിപ്പിക്കാനുള്ള ഫീച്ചർ കമ്പനി മെയ് മാസത്തിൽ പുറത്തിറക്കിയിരുന്നു.
അതിനിടെ, അടുത്തിടെ ചില രാജ്യങ്ങളിലെ ബീറ്റ ടെസ്റ്ററുകൾക്കായി ബിസിനസ് അക്കൗണ്ടുകൾക്കായുള്ള പുതിയ ഫീച്ചറായ വാട്‌സാപ് പ്രീമിയം സർവീസും ആരംഭിച്ചിട്ടുണ്ട്.
ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള മികച്ച മാർഗവും പുതിയ ഉപകരണങ്ങൾ ലിങ്ക് ചെയ്യുമ്പോൾ ചില നേട്ടങ്ങളും ഉൾപ്പെടെയുള്ള അത്യാധുനിക ഫീച്ചറുകളാണ് പ്രീമിയം സേവനത്തിലൂടെ ബിസിനസുകൾക്ക് വാഗ്ദാനം ചെയ്യുന്നത്.