കോഴിക്കോട്- മലപ്പുറത്തെ മുസ്ലിം പശ്ചാത്താലത്തില്‍ മുസ്ലിം നായകനെ കൊണ്ടുവന്ന് സംഘപരിവാര്‍ വാദങ്ങള്‍ ഉന്നയിക്കുകയാണെന്ന് മേ ഹൂം മൂസ സിനിമയെ കുറിച്ച് ആക്ഷോപം.
സുരേഷ് ഗോപി നായകനായ മേ ഹൂം മൂസ തിയേറ്ററുകളിലെത്തിയതിനു പിന്നാലെയാണ് വിമര്‍ശം. വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന് ജിബു ജോക്കബാണ് മേ ഹൂം മൂസ സംവിധാനം ചെയ്തിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു എന്ന് കരുതിയിരുന്ന പട്ടാളക്കാരന് 19 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരികയാണ്. സ്വന്തം നാട്ടിലേക്ക് വന്നപ്പോള്‍ അയാള്‍ക്ക് മനസിലാകാത്തതും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതുമായ നിരവധി കാര്യങ്ങളാണ് സംഭവിച്ചത്.
സംഘപരിവാര്‍ രാഷ്ട്രീയം ഉയര്‍ത്തുകയും അതുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്ത സുരേഷ് ഗോപി മലപ്പുറത്തെ മുസ്ലിമായി എത്തുന്നു എന്ന വാര്‍ത്ത വലിയ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു.
ഇന്ത്യയ്ക്കായി ജീവന് വരെ കൊടുക്കാന്‍ തയാറാവുന്ന ദേശസ്നേഹിയായ പട്ടാളക്കാരനായാണ് മൂസയുടെ വേഷം.
എന്നാല്‍ മൂസയില്‍ ചില മുസ്ലിം വിരുദ്ധതയുമുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. റിലീസിന് തൊട്ടുമുമ്പേ പുറത്ത് വന്ന പോസ്റ്ററുകളും ചര്‍ച്ചയായിരുന്നു. 'കണ്ടോനെ കൊന്ന് സ്വര്‍ഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ, ഇന്ത്യക്ക് വേണ്ടി ചാകാനിറങ്ങിയ ഇസ്ലാമാണ് മൂസ,' എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്ററാണ് പുറത്ത് വന്നിരുന്നത്.
സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ഇസ്ലാമോഫോബിയയുടെ സ്വരം തന്നെയാണ് ഇവിടെ ചിത്രത്തിനും കൈ വരുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.
മൂസ പള്ളിയില്‍ കയറി നിസ്കരിക്കരിച്ചതിന് ശേഷം അവിടുത്തെ ജീവനക്കാരനോട് സംസാരിക്കുന്ന രംഗവുമുണ്ട്. പാകിസ്ഥാനിലെ ജയിലില്‍ കിടന്നിട്ടാണ് മൂസയുടെ വരവ്. പള്ളിയിലെ ജീവനക്കാരന് മൂസയോട് ഉത്സാഹത്തോടെ ചോദിക്കുന്നത് പാകിസ്ഥാന് ഐ.എസ്. സ്ട്രോങ് അല്ലേയെന്നും അവിടുത്തെ ജയിലില്‍ ബിരിയാണി അല്ലേയെന്നുമൊക്കെയാണ്. സാധാരണ മുസ്ലിം ഐ.എസിനേയും പാകിസ്ഥാനിലെ ജയിലുകളെ വരെയും ആരാധനയോടെയാണ് നോക്കി കാണുന്നതെന്ന വിദ്വേഷപരമായ ഇമേജാണ് ഇതു വഴി നല്‍കാനുദ്ദേശിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.