ഇക്വഡോറില്‍ നിന്നാണ് മരങ്ങള്‍ നടക്കുന്ന വാര്‍ത്ത. ഇക്കാലത്ത് ഒരേ നില്‍പ്പ് നിന്നാല്‍ ആരെങ്കിലും വേല വെച്ചു കളയുമെന്ന് ഭയന്നാണോ എന്നറിയില്ല, മുഷിപ്പ് അകറ്റാന്‍ ചില മരങ്ങള്‍ നിര്‍ണായക തീരുമാനമെടുത്തത്.
ഇക്വഡോറിലും മറ്റു ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കാണപ്പെടുന്ന കാട്ടുപനകളാണ് അത്യാവശ്യത്തിന് നടക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ് ചില ഗവേഷകര്‍ കണ്ടെത്തിയത്. ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിസ്റ്റോയില് നിന്നും 100കി.മീ തെക്ക് മാറി സുമാകോ കാടുകളില്‍ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ പാലിയോ ബയോളജിസ്റ്റായ പീറ്റര്‍ വ്രാന്സ്കിയാണ് വിചിത്രമായ കണ്ടെത്തലുമായി എത്തിയത്. മരങ്ങള്‍ മണ്ണിലൂടെ നിരങ്ങി മാറുകയാണത്രേ. സ്ഥലത്തെ ടൂറിസ്റ്റ് ഗൈഡുകള്‍ ഇതൊരു മാന്ത്രിക വനമാണെന്നു പറഞ്ഞ് വിനോദ സഞ്ചാരികളെ കൊണ്ടുവരാറുണ്ട്. എന്നാല്‍, ഗവേഷകര്‍ ഇതത്ര കാര്യമായി എടുത്തിരുന്നില്ല.
നമ്മുടെ കണ്ടല്‍ ചെടികളിലേതിനു സമാനമായ വേരുകളാണ് ഈ മരങ്ങളെ തെന്നിമാറാന്‍ സഹായിക്കുന്നത്. മണ്ണൊലിപ്പും വരള്‍ച്ചയുമാണ് ഈ മരങ്ങളെ നടക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളായി വിലയിരുത്തുന്നത്. അടിഭാഗത്തെ മണ്ണ് ഒലിച്ച് പോകുകയോ, ജലലഭ്യത കുറയുകയോ ചെയ്താല്‍ മരങ്ങള്‍ ഒരുവശത്തെ വേരുകള്‍ അസാധാരണമായി നീട്ടി തുടങ്ങും . മറുവശത്തെ വേരുകള്‍ ഉണക്കിക്കളയുകയും ചെയ്യും. ഇതിനിടെ നീട്ടിയ വേരുകള്‍ ഉറച്ച മണ്ണില്‍ എത്തിയിട്ടുണ്ടാവും. ഉറച്ച മണ്ണില്‍ ആഴ്ന്നിറങ്ങിയ പുതു വേരുകള്‍ മരത്തെ പതുക്കെ അങ്ങോട്ട് വലിക്കാന്‍ തുടങ്ങും. ഉണങ്ങിയ വേരുകളിലെ പിടുത്തം വിട്ട് നില്്ക്കുന്നതിനാല് മരം പതുക്കെ പുതു വേരുകളുടെ ദിശയില്‍ നിരങ്ങി മാറാന്‍ ആരംഭിക്കും. ദിവസം രണ്ടോ മൂന്നോ സെന്റീമീറ്റര്‍ എന്ന കണക്കില്‍ വര്‍ഷം ഇരുപത് മീറ്റര്‍ വരെ ഇങ്ങനെ തെന്നി മാറും. മരങ്ങളെ കുറ്റം പറയുന്നതെങ്ങിനെ? ഒരേ നില്‍പ്പ് നിന്നാല്‍ ആര്‍ക്കായാലും ബോറടിക്കില്ലേ?