Sorry, you need to enable JavaScript to visit this website.

ഭര്‍ത്താവിന്റെ മരണ ശേഷം  നേരിട്ട  ദുരനുഭവം തുറന്നു പറഞ്ഞ് മേഘ്‌ന 

മംഗളുരു- ഭര്‍ത്താവ് ചീരുവിന്റെ വിയോഗ ശേഷം താന്‍ നേരിട്ട ദുരനുഭവം പങ്കുവച്ച് നടി മേഘ്‌ന രാജ്. അപ്രതീക്ഷിതമായി ചിരഞ്ജീവി സര്‍ജെയുടെ വിയോഗം ഏല്‍പ്പിച്ച മുറിവില്‍ നിന്നും മേഘ്‌ന ആശ്വാസം കണ്ടെത്തിയത് കുഞ്ഞിന്റെ വരവോടെയാണ്. ചീരു യാത്രയാവുമ്പോള്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. പലരില്‍ നിന്നും പല തരത്തിലുള്ള കുത്തുവാക്കുകള്‍ ഏറ്റുവാങ്ങിയിരുന്നെന്ന് മേഘ്‌ന പറയുകയാണ്. 'ബോളിവുഡ് ബബ്ള്‍' എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേഘ്‌ന ഇക്കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചത്.
ഭര്‍ത്താവ് മരണപ്പെടുമ്പോള്‍ ഒരു സ്ത്രീ സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന മോശം പ്രതികരണങ്ങള്‍ സഹിക്കാവുന്നതിനും അപ്പുറമായിരുന്നെന്ന് മേഘ്‌ന പറയുന്നു. ചീരുവിന്റെ അപ്രതീക്ഷിത വിയോഗം തന്നെ തകര്‍ത്തുകളഞ്ഞെന്നും അതില്‍ നിന്ന് ഏറെ സമയമെടുത്താണ് കര കയറിയതെന്നും അവര്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ മരണശേഷം നല്ലൊരു ഭക്ഷണം കഴിക്കുകയോ നല്ലൊരു വസ്ത്രം ധരിക്കുകയോ ചെയ്താല്‍ പോലും താന്‍ വിമര്‍ശിക്കപ്പെട്ടു. 'ഈ അടുത്തായി ഞാന്‍ ബര്‍ഗര്‍ കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രത്യേകിച്ച് ആലോചിക്കാതെ പെട്ടെന്ന് പോസ്റ്റ് ചെയ്തതാണ് അത്.
ഞാനിങ്ങനെ ആസ്വദിച്ച് കഴിച്ചോണ്ടിരിക്കുകയായിരുന്നു. ഇതിന് താഴെ വന്ന് ചിലര്‍ 'ഓ, നിങ്ങള്‍ ചീരുവിനെ മറന്നുവല്ലേ' എന്നെല്ലാം ചോദിച്ചു. എനിക്കത് അവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ. അത് എന്റെ ഏറ്റവും സ്വകാര്യമായ കാര്യമല്ലേ. ചീരുവിനോട് എനിക്ക് എത്രത്തോളം സ്‌നേഹമുണ്ടെന്നത് അവരെ അറിയിക്കേണ്ട കാര്യമില്ല' മേഘ്‌ന പറയുന്നു.
വീണ്ടുമൊരു വിവാഹം എന്നതിനെ കുറിച്ചും മേഘ്‌ന പറയുന്നുണ്ട്. അങ്ങനെയൊരു കാര്യം താന്‍ ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ഓരോ നിമിഷത്തിലും ജീവിക്കാനാണ് ചീരു പഠിപ്പിച്ചതെന്നും അതുകൊണ്ട് നാളെയെക്കുറിച്ച് താന്‍ വേവലാതിപ്പെടാറില്ലെന്നും അവര്‍ പറയുന്നു. 'എന്നാല്‍ സമൂഹത്തിന്റെ മാനസികാവസ്ഥ അങ്ങനെയല്ല. ചിലര്‍ എന്നോട് വീണ്ടും വിവാഹം ചെയ്യാന്‍ ഉപദേശിക്കും. എന്നാല്‍ മറ്റു ചിലര്‍ പറയും നീ നിന്റെ കുഞ്ഞുമൊത്തുള്ള ജീവിതത്തില്‍ സന്തോഷവതിയാണെന്ന് ഞങ്ങള്‍ക്കറിയാം എന്ന്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്കൊന്നും ഞാന്‍ ചെവി കൊടുക്കാറില്ല. എന്റെ തീരുമാനങ്ങളില്‍ മാത്രമാണ് ഞാന്‍ മുന്നോട്ടുപോകുന്നത്.' മേഘ്‌ന പറയുന്നു.
 

Latest News