തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ കള്ളനായ പ്രസാദിന്റെ വേഷത്തിലെത്തിയ ഫഹദ് ഫാസിലിന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തമാണിതെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ വേഷമായിരുന്നു പ്രസാദിന്റേതെന്നും ഫഹദ് വിലയിരുത്തുന്നു. തൊണ്ടിമുതലിലെയും മഹേഷ് നാരായണന്റെ ടേക്ക് ഓഫിലെയും കഥാപാത്രങ്ങൾക്കാണ് ഫഹദ് ഈ ബഹുമതി നേടിക്കൊടുത്തത്. ഒരു ചിത്രത്തിൽ വേട്ടക്കാരന്റെ വേഷത്തിലെത്തിയ താരം അടുത്ത ചിത്രത്തിൽ ഇരയുടെ ദൈന്യതകൾ ഭംഗിയായി ആവിഷ്‌കരിച്ചിരിക്കുന്നു എന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ. എന്തായാലും മലയാളത്തിലായതുകൊണ്ടാണ് നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞതെന്നാണ് ഫഹദിന്റെ അഭിപ്രായം. അവാർഡിനു വേണ്ടിയല്ല, പ്രേക്ഷകരുടെ ഇഷ്ടമാണ് പ്രധാനമെന്നുമാണ് ഫഹദിന്റെ പ്രതികരണം.
മികച്ച നടിക്കുള്ള പ്രത്യേക പരാമർശം നേടിയ പാർവതി അവാർഡുകളുടെ പെരുമഴയിലാണിപ്പോൾ. ടേക്ക് ഓഫിലൂടെ സംസ്ഥാന പുരസ്‌കാരം നേടി ദിവസങ്ങൾക്കകമാണ് ദേശീയ അംഗീകാരവും തേടിയെത്തിയത്. എന്തായാലും ഈ അംഗീകാരം ഇറാഖിലെ യാതന അനുഭവിക്കുന്ന നഴ്‌സുമാർക്ക് സമർപ്പിക്കാനാണ് പാർവതിയുടെ ആഗ്രഹം. ഇറാഖിലെ നരകയാതന അനുഭവിച്ച നഴ്‌സുമാരുടെ പ്രതിനിധിയായ സമീറ എന്ന കഥാപാത്രത്തിന് ഭാവം പകർന്നതു വഴിയാണ് പാർവ്വതിക്ക് ഈ അംഗീകാരം ലഭിച്ചത്. ടേക്ക് ഓഫിന് ലഭിക്കുന്ന അംഗീകാരത്തിൽ തനിക്ക് അതീവ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.