സാഹിത്യ ലോകത്തെ അപൂർവ പ്രതിഭാശാലികളുടെ ചില ഉപമകൾ എക്കാലവും കൊണ്ടാടപ്പെടും. ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് വിശദീകരിക്കാൻ പാമ്പിന്റെ വായിൽ അകപ്പെട്ടതറിയാതെ ആർത്തിയോടെ ഭക്ഷണം തേടുന്ന തവളയെ ഉദാഹരിച്ച് തുഞ്ചത്തെഴുച്ചന്റെ കുറിക്ക് കൊള്ളുന്ന ഉപമ അത്തരത്തിലുള്ള ഒന്നാണ്.
അയോധ്യാകാണ്ഡത്തിലാണ് ഏറെ പ്രസിദ്ധമായ ആ വരികൾ.
'ചക്ഷു:ശ്രവണഗളസ്ഥമാം ദർദുരം
ഭക്ഷണത്തിന്നപേക്ഷിയ്ക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവു-
മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു'
പാമ്പിന്റെ വായിൽ അകപ്പെട്ടിരിക്കുന്ന തവള എപ്രകാരമാണോ തന്റെ ഭക്ഷണത്തിനു വേണ്ടി ആർത്തിയോടെ പരതുന്നത് അത് പോലെയാണ് ഇന്നത്തെ ലോകത്തിന്റെയും അവസ്ഥയെന്നാണ് സൂചന.
പാമ്പിന്റെ ഭക്ഷണമാകുന്നതിലൂടെ തന്റെ ജീവിതം ഏതാനും നിമിഷങ്ങൾ കൊണ്ട് അവസാനിക്കുകയാണെന്ന് അറിയാത്ത തവള, പാമ്പ് തന്നെ വിഴുങ്ങാനൊരുങ്ങുന്ന ആ വേളയിൽ പോലും നാവു പുറത്തേക്ക് നീട്ടി തനിക്കുള്ള ഭക്ഷണം തേടുകയാണ്.
ആ വരികൾ തികച്ചും കാലിക പ്രസക്തമായ വരികൾ ആണെന്ന് പ്രത്യേകം പറയേണ്ടതില്ല. മാതാവ് കൈകേയിയുടെ ആവശ്യപ്രകാരം രാമന് പതിനാലു വർഷത്തെ വനവാസം ലഭിച്ച വാർത്ത അറിഞ്ഞു അതിക്രോധത്തോടെ രാമന്റെ അടുക്കൽ എത്തിയ സഹോദരൻ ലക്ഷ്മണന്റെ ക്രോധം ശമിപ്പിക്കുവാൻ രാമൻ പറയുന്ന വാക്കുകൾ ആണ് ഈവരികൾ.
മൂല്യച്യുതി കൊണ്ട് മലിനമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്തും അവിവേകികളുടെ ക്രൂര വിനോദങ്ങൾക്ക് നേരെ നീളുന്ന ചാട്ടുളികൾ തന്നെയാണാ ഉപമ.
ഏത് നിമിഷവും കടന്നെത്തിയേക്കാവുന്ന മരണത്തെ പാടെ വിസ്മരിച്ച് സുഖങ്ങൾക്കും അതിലാഭങ്ങൾക്കും വേണ്ടി എല്ലാ സീമകളും മര്യാദകളും ലംഘിച്ച് മനുഷ്യൻ പൊറുതിയില്ലാതെ അലയുകയാണ്. ഏതറ്റം വരെയും പോവാനും എന്ത് ഹീനകൃത്യം ചെയ്യുവാനും മിക്ക ജനങ്ങൾക്കും അവരെ നയിക്കുന്നവർക്കും മടിയില്ലാതായിരിക്കുന്നു.
സുഖഭോഗങ്ങളോട് അത്രമാത്രം ആസക്തിയാണധികമാളുകൾക്കും. പകയും വിദ്വേഷവും പരസ്പരം ആദരവില്ലായ്മയും അനുദിനം
സർവ തലങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്നതായി വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരം വികാരങ്ങൾക്ക് അടിപ്പെടാതെ നേരിന്റെ വഴിയെ ജീവിതം നയിക്കാൻ പ്രേരിപ്പിക്കുന്നതാണ് രാമന്റെ വാക്കുകൾ.
വായിക്കുന്നവർ ശ്രദ്ധിച്ചിട്ടുണ്ടാവും, തവള എന്ന ജീവി പല സന്ദർഭങ്ങളിലും നമ്മുടെ വായനക്കിടയിൽ കയറി വരാറുണ്ട്. കിണറ്റിലെ തവള എന്ന പ്രയോഗം നമുക്കെല്ലാവർക്കും ഏറെ പരിചിതമാണല്ലോ? തന്റെ കുഞ്ഞ് കിണറ്റിനപ്പുറത്തുള്ള പ്രവിശാലമായ ലോകത്തെ കുറിച്ച് ഒരു അറിവുമില്ലാത്ത ഒരു ജീവിയാണെന്നാണ് അതിനർത്ഥം.
മാത്രമല്ല, കിണറല്ലാതെ മറ്റാരു വലിയ ലോകമുണ്ടെന്ന് അംഗീകരിക്കാനും ആ ലോക മണ്ടൻ തവള സന്നദ്ധമായിരുന്നില്ലപോലും.
കൂപമണ്ഡൂകം എന്ന ഓമനപ്പേരും ഇത്തരം തവളകൾക്ക് കൈവന്നതങ്ങനെയായിരിക്കണം.
പാവം ആ തവളയെ ആരോ പ്രലോഭിപ്പിച്ചതിന്റെ കഥ
'കുണ്ട് കിണറ്റിൽ തവളക്കുഞ്ഞിന് കുന്നിന് മേലെ പറക്കാൻ മോഹം
എന്ന് കുഞ്ചൻ നമ്പ്യാർ സരസമായി എഴുതിയിട്ടുണ്ട്.
തവളയെ കുറിച്ച് പരക്കെയുള്ള ഒരു വിശ്വാസം ഉപയോഗപ്പെടുത്തി നടത്തിയ കൗതുകകരമായ ഒരു പരീക്ഷണത്തെ കുറിച്ച് വായിച്ചതോർക്കുന്നു. ചൂടുവെള്ളത്തിലേക്ക് തവളയെ ഇട്ടാൽ അത് പൊടുന്നനെ ചാടി പുറത്തേക്ക് പോവുമത്രേ. എന്നാൽ തവളയെ ഇട്ടിരിക്കുന്ന തണുത്ത വെള്ളം ക്രമേണ ചൂടാക്കി പതപ്പിച്ചാൽ തവളക്ക് ആ സാഹചര്യവുമായി അദ്ഭുതകരമാം വണ്ണം ചാവുന്നത് വരെ പൊരുത്തപ്പെട്ട് പോവാനാവും! ഇതുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ടെന്നതും ശ്രദ്ധേയമാണ്.
അനീതിയും സ്വജനപക്ഷപാതവും പതിയെ പതിയെ ക്രമേണ നടപ്പാക്കിയാൽ ജനം അതുമായി പൊരുത്തപ്പെട്ടോളും എന്ന കുൽസിത തന്ത്രത്തിന്റെ പിന്നിൽ ഈ തവളക്കഥയുടെ സ്വാധീനമുണ്ട് എന്നാണ് സാമൂഹ്യ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. മാർക്കറ്റിംഗ് വിദഗ്ധരും ഈ തന്ത്രം പയറ്റാറുണ്ടുപോലും.
ഏതായാലും വിളകൾക്ക് ശല്യമാവുന്ന വിരക്വളയും കീടങ്ങ്വളയും തിന്ന് നശിപ്പിക്കുന്നതിനാൽ തവളകൾ കർഷക മിത്രങ്ങൾ എന്ന ഖ്യാതി നേടിയിട്ടുണ്ട്.
കൂട്ടത്തിൽ ചോദിക്ക്വട്ട? കേരളത്തിന് സ്വന്തമായി ഒരു തവള ഉള്ള കാര്യം നിങ്ങൾക്കറിയാമോ? വർഷത്തിലൊരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നും പുറത്ത് വരുന്ന ഈ തവളയെ അടുത്തിടെയാണ് കണ്ടെത്തിയത്. മാവേലിത്തവള എന്നാണ് ഇതറിയപ്പെടുന്നത് .
ഇണ ചേരാൻ വേണ്ടി മാത്രമാണ് ഇവ പുറത്ത് വരുന്നത്. പാതാള തവള എന്നും ഇവയ്ക്ക് പേരുണ്ട്. ഉഭയജീവി ഗവേഷകനും ദൽഹി യൂനിവേഴ്സിറ്റി അധ്യാപകനുമായ ഡോക്ടർ എസ്.ഡി. ബിജുവാണ് ഈ തവളയെ കണ്ടെത്തിയത് .
ഏതാനും വർഷങ്ങൾക്ക് മുമ്പ് ദൽഹിയിൽ ബയോഡൈവേഴ്‌സിറ്റി ഗവേഷകയും തവള പ്രേമിയുമായ സീമാ ഭട്ട് സംഘടിപ്പിച്ച ഫ്രോഗ് ഫെസ്റ്റ് പ്രദർശനവും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഏകദേശം 40 ഓളം രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച തവള സംബന്ധിയായ അഞ്ഞൂറോളം പ്രദർശന വസ്തുക്കൾ ആ ഫെസ്റ്റിലുണ്ടായിരുന്നുവത്രേ.