കൊച്ചി- തീയറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ ഒടിടിയ്ക്ക് നല്‍കുന്ന സമയപരിധി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി തീയറ്റര്‍ ഉടമകള്‍. തിയറ്റര്‍ റിലീസ് കഴിഞ്ഞ് 56 ദിവസം പൂര്‍ത്തിയായ ശേഷമെ ചിത്രം ഒടിടി റിലീസ് ചെയ്യാവൂ. ഇത് സംബന്ധിച്ച് തീയറ്റര്‍ ഉടമകള്‍ ഫിലിം ചേംബറിന് കത്തുനല്‍കും തീയറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ 42 ദിവസങ്ങള്‍ക്ക് ശേഷം ഒടിടിക്ക് നല്‍കുന്ന രീതി അവസാനിപ്പിക്കണം. ഈ രീതി ഓണം വരെയേ അനുവദിക്കാനാകൂ എന്ന് തിയറ്റര്‍ ഉടമകള്‍ പറഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോമിന് നല്‍കുന്ന രീതി ലംഘിച്ച് പല ചിത്രങ്ങളും ഇതിന് മുമ്പായി ഒടിടിയില്‍ എത്തുന്നു. ഇത് തീയറ്റര്‍ ഉടമകള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കെജിഎഫ്, വിക്രം തുടങ്ങി മികച്ച തീയറ്റര്‍ അനുഭവം നല്‍കുന്ന സിനിമകള്‍ക്ക് മാത്രമാണ് ആളുകള്‍ തീയറ്ററില്‍ വരുന്നത്. ഇങ്ങനെപോയാല്‍ തീയറ്ററുകള്‍ അടച്ചു പൂട്ടേണ്ടി വരുമെന്നും ഉടമകള്‍ പറയുന്നു.സംഘടനയുമായി സഹകരിക്കാത്ത താരങ്ങള്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമെതിരെ നടപടി വേണമെന്ന നിലപാടിലാണ് തീയറ്റര്‍ ഉടമകള്‍.