മുംബൈ- 'ദിൽ ഡൂൺദ് താ ഹായ് ഫിർവഹി ഗാനത്തിലൂടെ ആസ്വാദക ഹൃദയം കവർന്ന ബോളിവുഡിലെ പ്രശസ്ത ഗായകൻ ഭൂപീന്ദർ സിംഗ് മുംബൈയിലെ വസതിയിൽ അന്തരിച്ചു. 82 വയസ്സായിരുന്നു. ഗായികയായ അദ്ദേഹത്തിന്റെ സഹധർമിണി മിതാലി സിംഗാണ് വിയോഗ വാർത്ത അറിയിച്ചത്. മകൾ: നിഹാൽ. ബോളിവുഡിലെ വ്യത്യസ്ഥ ശബ്ദത്തിന്റെ ഉടമായിരുന്ന അദ്ദേഹം ധാരാളം ഗാനങ്ങൾക്ക് ഗിറ്റാറിസ്റ്റായും പ്രവർത്തിച്ചു. അമൃത്സറിൽ ജനിച്ച ഭൂപീന്ദർ അഛനിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. ആകാശവാണിയിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ദൽഹി ദൂരദർശനുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചു. ഗിറ്റാർ വാദന മികവ് ശ്രദ്ധയിൽ പെട്ട സംഗീത സംവിധായകൻ മദൻമോഹൻ 1962ൽ മുംബൈയിലേക്ക് ക്ഷണിച്ചതാണ് ജീവിതത്തിൽ വഴിത്തിരിവായത്. ഇതോടെ അദ്ദേഹം ബോളിവുഡിന്റെ അനിവാര്യ ഭാഗമായി. ചലച്ചിത്ര ഗാനങ്ങൾക്ക് പുറമേ നിരവധി സ്വതന്ത്ര ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഹഖീഖത്ത് എന്ന ചിത്രത്തിൽ മുഹമ്മദ് റാഫി, തലത്ത് മഹ്മൂദ്, മന്നാഡേ എന്നിവർക്കൊപ്പവും പാടിയിട്ടുണ്ട്.