വാഷിംഗ്ടണ്‍- ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയവര്‍ കേംബ്രിഡ്ജ് അനലിറ്റിക്കക്കു പുറമേ, വേറേയും കമ്പനികള്‍ക്ക് അവ നല്‍കിയിരിക്കാമെന്ന് ഫേസ്ബുക്ക് മേധാവി സക്കര്‍ബര്‍ഗ് സമ്മതിച്ചു. ഫേസ്ബുക്കിന്റെ 8.7 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച് യു.എസ് സെനറ്റ് സമിതി സക്കര്‍ബര്‍ഗിനെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തു.
യൂനോണിയ ഇത്തരത്തിലൊരു കമ്പനിയാണെന്നും വിവരങ്ങള്‍ ചോര്‍ത്തിയ കോഗന്‍ വേറേയും കമ്പനികള്‍ക്ക് അവ വിറ്റിരിക്കാമെന്നും അദ്ദേഹം സെനറ്റര്‍ ടമ്മി ബാള്‍ഡ് വിന്റെ ചോദ്യത്തിന് മറുപടി നല്‍കി.
ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ കഴിയാഞ്ഞതു തന്റെ തെറ്റാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും സെനറ്റിന്റെ നീതിന്യായ വാണിജ്യ, ശാസ്ത്ര, ഗതാഗത സംയുക്ത സമിതി മുമ്പാകെ സക്കര്‍ബര്‍ഗ് കുറ്റസമ്മതം നടത്തി.
താനാണു ഫേസ്ബുക്ക് തുടങ്ങിയതെന്നും ഉപയോക്താക്കള്‍ക്കു ദോഷകരമായും ഫേസ്ബുക്കിനെ ഉപയോഗിക്കാനാകും എന്നതു ഗൗരവമായി എടുത്തില്ലെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. വ്യാജവാര്‍ത്തകള്‍, തെരഞ്ഞെടുപ്പുകളില്‍ വിദേശശക്തികളുടെ ഇടപെടലുകള്‍, വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന പോസ്റ്റുകള്‍ എന്നിവ തടയുന്നതില്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് ഏഴുപേജുള്ള സാക്ഷ്യപത്രത്തില്‍ സക്കര്‍ബര്‍ഗ് വിശദീകരിച്ചു. ഫേസ്ബുക്ക് കൂടുതല്‍ സുരക്ഷിതമാക്കുമെന്നും ഇതിന് അല്‍പം സമയം എടുക്കുമെന്നും അദ്ദേഹം സെനറ്റിന് ഉറപ്പുനല്‍കി. ഇതിനായി അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കു കമ്പനി തയാറെടുക്കുകയാണ്. 2015ല്‍ തന്നെ കേംബ്രിഡ്ജ് അനലിറ്റിക്ക അനധികൃത വിവരശേഖരണം നടത്തിയെന്ന് അറിഞ്ഞിരുന്നു. എന്നാല്‍ ആവര്‍ത്തിക്കില്ലെന്ന് അവര്‍ പറഞ്ഞതു മുഖവിലക്കെടുത്തത് അബദ്ധമായിപ്പോയി- അദ്ദേഹം പറഞ്ഞു.
കേംബ്രിഡ്ജ് അനലിറ്റിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്തു തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചു എന്നു വെളിപ്പെട്ടതോടെ മൂന്നാഴ്ച മുമ്പാണ് ഫേസ്ബുക്ക് വിവാദത്തിലായത്.