ഹോളിവുഡിലെ പ്രമുഖ നിർമ്മാതാവായ ഹാർവി വെയിൻസ്റ്റനെതിരെ ഉയർന്നുവന്ന ലൈംഗികാരോപണം സിനിമാലോകത്തെ നടുക്കിയിരുന്നു. താരങ്ങളുടെ ആരോപണത്തിൽ യാഥാർത്ഥ്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ സിനിമയിൽ നിന്നും വിലക്കിയിരുന്നു. ആ സംഭവത്തിന് ശേഷമാണ് ഞെട്ടിപ്പിക്കുന്ന പല വെളിപ്പെടുത്തലുകളുമുണ്ടായത്. തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് താരങ്ങൾ തുറന്നു പറഞ്ഞപ്പോൾ അത് അക്ഷരാർത്ഥത്തിൽ നടുക്കുന്ന ഒന്നായി മാറുകയായിരുന്നു. കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങൾ ഇപ്പോഴും സിനിമയിൽ ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശ്രീ റെഡ്ഡി നടത്തിയ തുറന്നുപറച്ചിലിൽ തെലുങ്ക് സിനിമാലോകം ഞെട്ടിയിരുന്നു. സിനിമയിൽ അവസരം നൽകാമെന്നും മികച്ച കഥാപാത്രത്തെ നൽകാമെന്നും പറഞ്ഞ് സംവിധായകൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നായിരുന്നു ശ്രീ റെഡ്ഡി പറഞ്ഞത്. തെലുങ്ക് സിനിമയിലെ യുവതാരത്തിനെതിരായും ശ്രീ റെഡ്ഡി ആരോപണമുന്നയിച്ചു. ഇനിയും ഇത്തരത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി എത്തുമെന്നും താരം വ്യക്തമാക്കി. തെലുങ്ക് യുവതികൾ ഇതിനൊന്നും തയാറാകാത്തതിനാലാണ് സിനിമകളിൽ തഴയപ്പെടുന്നതെന്നും ശ്രീ റെഡ്ഡി സങ്കടം പറഞ്ഞു. താരത്തിന്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി സംവിധായകൻ ശേഖർ കമുള രംഗത്തെത്തിയിട്ടുണ്ട്. നടി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സംവിധായകൻ പറഞ്ഞു. മോശമായ ഒരു കാര്യത്തിനും താൻ ആരെയും നിർബന്ധിച്ചിട്ടില്ല. തന്നെ തകർക്കാനായി അവർ മനപ്പൂർവ്വം കെട്ടിച്ചമച്ച കഥയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. .തന്റെ സിനിമയിൽ പ്രവർത്തിച്ചവർക്ക് സെറ്റിലെ കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയാം. സ്ത്രീകളെയും പുരുഷൻമാരെയും ഒരുപോലെയാണ് താൻ പരിഗണിക്കാറുള്ളത്. ഒരാളോട് പോലും മോശമായി പെരുമാറിയിട്ടില്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്. തനിക്കെതിരെ പരാമർശം നടത്തിയ ശ്രീ റെഡ്ഡി മാപ്പ് പറഞ്ഞില്ലെങ്കിൽ നിമയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പരമാർശത്തിൽ തന്റെ കുടുംബാംഗങ്ങളാണ് കൂടുതൽ വേദനിക്കുന്നതെന്നും സംവിധായകൻ പറയുന്നു.