ചെന്നൈ- നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും തമ്മിലുള്ള വിവാഹം വ്യാഴാഴ്ചയാണ് മഹാബലിപുരത്ത് ഗംഭീരമായി നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, നടൻ ഷാരൂഖ് ഖാൻ തുടങ്ങിയ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. ഇപ്പോൾ ഇരുവരുടെയും വിവാഹ വിശേഷങ്ങൾ സംബന്ധിച്ച വാർത്തകളാണ് പുറത്തു വരുന്നത്. വിഘ്നേശ് ശിവന് വമ്പൻ തുകയുടെ വിവാഹ സമ്മാനങ്ങളാണ് നയൻതാര നൽകിയത്. 20 കോടി വിലമതിപ്പുള്ള ബംഗ്ലാവ് നയൻതാര വിഘ്നേശിന് വിവാഹ സമ്മാനമായി നൽകിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇതിനു പുറമെ വിഘ്നേശിന്റെ സഹോദരിക്ക് 30 പവന്റെ സ്വർണാഭരണങ്ങളും അടുത്ത ബന്ധുക്കൾക്ക് മറ്റ് സമ്മാനങ്ങളും നയൻതാര നൽകി. മറുവശത്ത് വിഘ്നേശും നയൻതാരയ്ക്ക് വിവാഹ സമ്മാനങ്ങൾ നൽകി. വിവാഹത്തിന് നയൻതാര അണിഞ്ഞ എല്ലാ ആഭരണങ്ങളും വിഘ്നേശ് ശിവൻ നൽകിയതാണ്. അഞ്ച് കോടിയുടെ വജ്ര മോതിരമാണ് വിഘ്നേശ് നയൻതാരയ്ക്കണിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.
2015ൽ 'നാനും റൗഡി താൻ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് വിഘ്നേശും നയൻതാരയും സൗഹൃദത്തിലാകുന്നത്. 2017 ലാണ് ഇരുവരും തമ്മിലുള്ള പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്.