ആപ്പിൾ വാച്ച് ഉപയോഗിക്കുന്നവർക്ക് സാങ്കേതികമായി ഒട്ടേറെ നേട്ടങ്ങളുണ്ട്. ഓസ്ട്രേലിയയിൽ പോലീസ് ഒരു കൊലക്കേസ് തെളിയിക്കാൻ ആശ്രയിക്കുന്നതും ആപ്പിൾ വാച്ചാണ്. 2016 ൽ ഒരു വൃദ്ധ കൊല്ലപ്പെട്ട കേസിലാണ് ഓസ്ട്രേലിയൻ പോലീസ് ആപ്പിൾ വാച്ച് തെളിവായി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. മിർന നിൽസൺ എന്ന മുത്തശ്ശി മരിക്കുമ്പോൾ അവർ ആപ്പിൾ സ്മാർട്ട് വാച്ച് കെട്ടിയിട്ടുണ്ടായിരുന്നു.
ഇവരുടെ മകന്റെ ഭാര്യ കരോലിൻ നിൽസണാണ് കേസിലെ പ്രതി. മരുമകൾ കെട്ടിച്ചമച്ച കഥ പൊളിക്കാനാണ് പോലീസും പ്രോസിക്യൂഷനും ആപ്പിൾ സ്മാർട്ട് വാച്ചിനെ ആശ്രയിക്കുന്നത്. ഈ വാച്ചിനെ അടിസ്ഥാനമാക്കിയുള്ള തെളിവുകളുടെ പിൻബലത്തിൽ കരോലിന് കോടതി ജാമ്യം നിഷേധിച്ചിരിക്കയാണ്. ജൂണിൽ വിചാരണ പുനരാംരഭിക്കും. ഒരു സംഘമാളുകൾ വീട്ടിൽ അതിക്രമിച്ചു കയറി ബന്ധിച്ചുവെന്നാണ് മരുമകൾ നൽകിയ മൊഴി. എന്നാൽ കൊല്ലപ്പെട്ട മുത്തശ്ശിയുടെ വാച്ചിൽനിന്ന് ലഭിച്ച തെളിവുകൾ ഇതൊരു കള്ളക്കഥയാണെന്ന് വ്യക്തമാക്കുന്നതായി പോലീസ് പറയുന്നു. മരുമകൾ പറയുന്ന സമയത്തിനും മണിക്കൂറുകൾക്ക് മുമ്പ് തന്നെ മിർന കൊല്ലപ്പെട്ടിരുന്നു. ഭർതൃമാതാവിനെ ഒരു സംഘം കാറിൽ പിന്തുടർന്നിരുന്നുവെന്നും കരോലിൻ പോലീസിനോട് പറഞ്ഞിരുന്നു. വീടിനു പുറത്ത് ആളുകളുമായി ഭർതൃമാതാവ് ഇരുപത് മിനിറ്റോളം തർക്കിച്ചിരുന്നുവെന്നും എന്നാൽ അടുക്കളയുടെ വാതിലടച്ചതിനാൽ മർദനമേൽക്കുന്ന ശബ്ദം കേട്ടില്ലെന്നുമാണ് കരോലിന നിൽസൺ പറഞ്ഞിരുന്നത്.
ധരിക്കുന്നവരുടെ നീക്കങ്ങൾ പൂർണമായി രേഖപ്പെടുത്തുന്ന സെൻസറുകളുള്ള വാച്ചിലെ ഡാറ്റകൾ ഉപയോഗിച്ചാണ് മരുമകൾ ഉണ്ടാക്കിയ കഥ വ്യാജമാണെന്ന് പോലീസ് തെളിയിച്ചത്. 57 കാരിയായ മിർന നിൽസന്റെ മൃതദേഹം അഡ്ലൈഡിലെ വാലി വ്യൂവിലുള്ള വീടിന്റെ ലോൺട്രി മുറിയിലാണ് ഉണ്ടായിരുന്നതെന്നും പോലീസ് കോടതിയിൽ ബോധിപ്പിച്ചു. ബോധരിഹതായകുന്നതു വരെയുള്ള എല്ലാ ഡാറ്റകളും വാച്ചിൽ ലഭ്യമാണെന്നും മരിച്ച സമയം പോലും കൃത്യമാണെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. ഈ തെളിവുകൾ അംഗീകരിക്കപ്പെടുകയാണെങ്കിലും കൊല്ലപ്പെട്ട വൃദ്ധയും ഒരു സംഘം ആളുകളും തമ്മിൽ വാക്കുതർക്കവും ഏറ്റമുട്ടലുമുണ്ടായിരുന്നുവെന്ന കള്ളക്കഥ തള്ളപ്പെടും.