ചെന്നൈ- ബോക്സ് ഓഫീസില്‍ 200 കോടിയുടെ കളക്ഷനുമായി മുന്നേറുന്ന വിക്രമില്‍ റോളക്സ് ആയി വേഷമിട്ട നടന് സൂര്യയ്ക്ക് നടന് കമല്ഹാസന് 47 ലക്ഷം രൂപ വിലമതിക്കുന്ന സ്വന്തം റോളക്സ് വാച്ച് സമ്മാനിച്ചു. ചിത്രത്തില്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള സൂര്യയുടെ അതിഥി വേഷം പ്രേക്ഷകര്‍ കൈയടിച്ച് സ്വീകരിച്ചു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മയക്കുമരുന്ന് മാഫിയയുടെ തലവനായ റോളക്സ് എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. ഇതുപോലൊരു നിമിഷം ജീവിതത്തെ മനോഹരമാക്കുന്നു. നിങ്ങളുടെ റോളക്സിന് നന്ദി അണ്ണാ... കമലിനെ കണ്ടതിന് ശേഷം വാച്ച് സമ്മാനിച്ചതിന് നന്ദി അറിയിച്ച് സൂര്യ ട്വിറ്ററില്‍ കുറിച്ചു.
വിക്രമിനെ വന്‍ ഹിറ്റാക്കിയതിന് പ്രേക്ഷകര്‍ക്ക് നന്ദി പറയുന്ന വീഡിയോ കമല്‍ ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു. അതിഥി വേഷം സ്വീകരിച്ചതിന് സൂര്യയ്ക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. വിക്രം ഫ്രാഞ്ചൈസിയുടെ അടുത്ത ഭാഗത്തില്‍ സൂര്യയ്ക്ക് ദൈര്‍ഘ്യമേറിയ ഒരു ഭാഗം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കമല്‍ഹാസന്റെ കരിയറിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമായി വിക്രം മാറിയിരിക്കയാണ്.
വിക്രമിനെ വന്‍ വിജയമാക്കിയതിന് ലോകേഷിന് കമല്‍ കഴിഞ്ഞ ദിവസം ലെക്സസ് കാര്‍ സമ്മാനിച്ചിരുന്നു. പുതിയ കാറിന്റെ ചിത്രം പങ്കുവെച്ച് ലോകേഷ് കമലിനോട് നന്ദി പറഞ്ഞു.