ന്യൂദല്‍ഹി- ഡാറ്റാ ചോര്‍ച്ച ഇന്ത്യയിലെ അഞ്ച് ലക്ഷം ഉപയോക്താക്കളെ ബാധിച്ചിരിക്കാമെന്ന് ഫേസ്ബുക്ക് അറിയിച്ചു. വിവരസാങ്കേതിക വിദ്യാ മന്ത്രാലയം നല്കിയ നോട്ടീസിന് മറുപടിയായാണ് ഫേസ്ബുക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫേസ്ബുക്കില്‍നിന്ന് വ്യക്തിവിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ച ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ് എന്ന അപ്ലിക്കേഷന്‍ ഇന്ത്യയില്‍നിന്ന് 335 പേരാണ് ഇന്‍സ്റ്റാള്‍ ചെയ്തത്. ലോക വ്യാപമായി ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവരെ വെച്ചുനോക്കുമ്പോള്‍ ഇത് 0.1 ശതമാനം മാത്രമാണ്. ഫേസ്ബുക്കില്‍ 2013 മുതല്‍ 2015 ഡിസംബര്‍ 17 വരെ ആയിരുന്നു ആപ്പിന്റെ കാലാവധി. അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഇന്ത്യക്കാരുടെ സുഹൃത്തുക്കളെ കൂടി കണക്കിലെടുക്കുമ്പോള്‍ 5,62,120 പേരെ കൂടി ബാധിച്ചിരിക്കാനാണ് സാധ്യത. മൊത്തത്തില്‍ 5,62,455 പേരുടെ ഡാറ്റ ചോര്‍ന്നിരിക്കാം. ആഗോള വ്യാപാകമായി ഡാറ്റ ചോര്‍ച്ച ബാധിച്ചവരുടെ എണ്ണം വെച്ചു നോക്കുമ്പോള്‍ ഇത് 0.6 ശതമാനമാണ്.
ഇന്ത്യക്കാരുടെ ഡാറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഔദ്യോഗികമായി വെളിപ്പെടുത്തുന്ന ആദ്യ കണക്കാണിത്. ഇന്ത്യയില്‍ ഫേസ്ബുക്കിന് 25 കോടി ഉപയോക്താക്കളുണ്ട്. ഈ കണക്ക് പ്രകാരമാണെങ്കില്‍ 0.22 ശതമാനം ഇന്ത്യക്കാരുടെ ഡാറ്റയാണ് ചോര്‍ന്നിരിക്കുക.
ആവശ്യമാണെങ്കില്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തുമെന്ന് ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിശദമായ മറുപടിയാണ് ഫേസ്ബുക്ക് കേന്ദ്ര മന്ത്രാലയത്തിനു നല്‍കിയിരിക്കുന്നത്. എങ്ങനെയാണ് കേംബ്രിഡജ് അനലിറ്റിക്കക്ക് ഫേസ്ബുക്ക് ഡാറ്റ ലഭിച്ചതെന്നും അത് ഇന്ത്യക്കാരെ എങ്ങനെ ബാധിക്കുമെന്നുമാണ് മറുപടിയില്‍ വിശദീകരിച്ചത്.