ഇന്ത്യൻ ഓഹരി വിപണി പുതിയ താഴ്ചകളിലേയ്ക്കുള്ള ഊളിയിടലുകൾക്ക് തൽക്കാലം അവധി പറഞ്ഞതോടെ രണ്ടാഴ്ചയായി ഓഹരി ഇൻഡക്‌സുകൾ ഉയരങ്ങൾ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ആഭ്യന്തര ഫണ്ടുകളും പ്രദേശിക നിക്ഷേപകരും നൽകിയ ശക്തമായ പിൻതുണ കണ്ട് മറുവശത്ത് ഊഹക്കച്ചവടക്കാർ മെയ് സീരീസ് സെറ്റിൽമെന്റ് മുൻനിർത്തി ഷോട്ട് കവറിങിന് ഇറങ്ങിയത് സൂചികയെ ഉയർത്തി. സെൻസെക്‌സ് 558 പോയന്റും നിഫ്റ്റി 86 പോയന്റും പിന്നിട്ടവാരം കയറി.
ആർ ബി ഐയുടെ നീക്കങ്ങളെ നിരീക്ഷിക്കുകയാണ് ഓപറേറ്റർമാർ. പലിശ നിരക്കിൽ 25-35 ബേസീസ് പോയന്റ് വർധനയ്ക്ക് കേന്ദ്ര ബാങ്ക് നീക്കമുണ്ടായാൽ നിക്ഷേപകർ പിന്നോക്കം വലിയാം. ഈ വാരം കേന്ദ്ര ബാങ്ക് യോഗം ചേരും. ഫിനാൻഷ്യൽ ഓഹരികളുടെ മികവിൽ ബാങ്ക് നിഫ്റ്റി നാല് ശതമാനം മുന്നേറി, രണ്ട് മാസത്തെ ഏറ്റവും വലിയ പ്രതിവാര നേട്ടമാണിത്. മിഡ്ക്യാപ് സൂചികയ്ക്ക് തളർച്ച നേരിട്ടു. മുൻ നിര ഓഹരികളായ എസ് ബി ഐ, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്ക്, ഇൻഡസ് ബാങ്ക്, മാരുതി, എച്ച് യു എൽ, ഇൻഫോസീസ്, വിപ്രോ, ഡോ. റെഡീസ്, എം ആന്റ് എം തുടങ്ങിയവയിൽ ശക്തമായ വാങ്ങൽ താൽപര്യം ദൃശ്യമായി.
നിഫ്റ്റി രണ്ടാഴ്ചയായി നിലകൊള്ളുന്ന 15,735-16,494 റേഞ്ചിൽ നിന്നും പുറത്ത് കടക്കാനുള്ള ശ്രമത്തിലാണ്. മുൻവാരം സുചിപ്പിച്ച ആദ്യ പ്രതിരോധം മറികടക്കാനാവാതെ വാരാന്ത്യം അൽപം തളർന്ന് 16,353 പോയന്റിൽ വ്യാപാരം അവസാനിച്ചു. ഈ വാരം വിപണി ലക്ഷ്യമിടുന്നത് 16,543 നെയാണ്. ഇതിനിടയിൽ വീണ്ടും വിദേശ ആക്രമണ സാധ്യത തള്ളിക്കളയാനാവില്ല.
നിഫ്റ്റിക്ക് അതിന്റെ 20 ദിവസങ്ങളിലെ സിംപിൾ മൂവിങ് ആവറേജായ 16,414 ലെ തടസ്സം ഭേദിക്കാനായാൽ ജൂണിൽ 16,734-16,802 പോയന്റിലേക്ക് ചുവടുവെക്കാം. നിഫ്റ്റിയുടെ മറ്റു സാങ്കേതിക വശങ്ങൾ പരിശോധിച്ചാൽ സൂപ്പർ ട്രെന്റ് സെല്ലിങ് മൂഡിലും പാരാബോളിക് എസ് എ ആർ ബുള്ളിഷുമാണ്.
സെൻസെക്‌സ് 54,324 പോയന്റിൽ നിന്നും 53,425 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യ ദിനം 54,936 പോയന്റ് വരെ തിരിച്ചു കയറി. എന്നാൽ വ്യാപാരം അവസാനിക്കുമ്പോൾ സൂചിക 54,884 പോയന്റിലാണ്. ഈ വാരം 55,405 ലെ ആദ്യ പ്രതിരോധം മറികടന്നാൽ 55,926 നെ ലക്ഷ്യമാക്കും. ഉയർന്ന തലത്തിൽ വിൽപന സമ്മർദം ഉടലെടുത്താൽ 53,894-52,904 റേഞ്ചിലേയ്ക്ക് അടുത്ത മാസം സെൻസെക്‌സ് സാങ്കേതിക പരീക്ഷണം നടത്താം.
ഫോറെക്‌സ് മാർക്കറ്റിൽ രൂപയ്ക്ക് വീണ്ടും തളർച്ച. 77.54 ൽ നിന്നും രൂപ 77.59 ലാണ്. ഈ വാരം രൂപ 77.25-77.93 റേഞ്ചിൽ സഞ്ചരിക്കാം. ആഗോള സാമ്പത്തിക മാന്ദ്യത്തിൽ പണപ്പെരുപ്പം ഉയർന്ന തലങ്ങളിലേക്ക് സഞ്ചരിക്കാനുള്ള സാധ്യതകൾ വിപണിയിൽ ആശങ്ക പരത്തുന്നു. ഇതിനിടയിൽ അമേരിക്കയിൽ ക്രൂഡ് ഓയിൽ ഉൽപാദനം കുറഞ്ഞത് എണ്ണ വില ബാരലിന് 115 ഡോളറിലേക്ക് ഉയർത്തി. വിദേശ നിക്ഷേപകർ എട്ടാം മാസവും ഇന്ത്യയിൽ വിൽപനക്കാരാണ്. ഒക്‌ടോബർ മുതൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ രണ്ടര ലക്ഷം കോടി രൂപ പിൻവലിച്ചു. പിന്നിട്ട വാരം അവർ 9688 കോടി രൂപയുടെ ഓഹരികളും വിറ്റു.