Sorry, you need to enable JavaScript to visit this website.

വ്യജ വാട്ട്‌സാപ്പ് സന്ദേശം അയച്ചാല്‍ 10 ലക്ഷം ദിര്‍ഹംവരെ പിഴ

അബുദാബി- വാട്ട്‌സാപ്പ് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പത്ത് ലക്ഷം ദിര്‍ഹം വരെ പിഴശിക്ഷ വിധിക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. ട്രേഡ്മാര്‍ക്കുകളുടേയും വെബ്‌സൈറ്റുകളുടേയും അനുകരണം, യൂസര്‍നെയിം, പാസ് വേഡ്, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ തുടങ്ങിയ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കും കര്‍ശന ശിക്ഷ നല്‍കും. ഇത്തരം ക്രിമിനലുകളെ കണ്ടെത്താനും പിടികൂടാനും ഇരകളാക്കപ്പെടുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കണം.
സൈബര്‍ ക്രിമിനലുകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍  തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കാതരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും ഉപയോക്താക്കളോട് അധികൃതര്‍ നിര്‍ദേശിച്ചു. ടെലിഫോണ്‍ വഴി വട്ട്‌സാപ്പ് അക്കൗണ്ടുകള്‍ സ്വന്തമാക്കി മറ്റു തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. അജ്ഞാതന്‍ അയക്കുന്ന ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിപരമായ വിവരങ്ങള്‍ വിശ്വാസമില്ലാത്ത വെബ്‌സൈറ്റുകളില്‍ നല്‍കരുതെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു. സൈബര്‍ തട്ടിപ്പുകാര്‍ ഇലക്ട്രോണിക് തട്ടിപ്പുകള്‍ക്ക് എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നുണ്ട്. സ്ഥാപനങ്ങളിലും അറിയപ്പെടുന്ന കമ്പനികളിലും ജോലി ഒഴിവുണ്ടെന്ന പരസ്യം നല്‍കി പോലും പണം കവരാന്‍ ശ്രമമുണ്ടെന്ന് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. വ്യാജ പേര് ഉപയോഗിച്ചും ഇലക്ട്രോണിക്‌സ് ഡിവൈസുകള്‍ ഉപയോഗിച്ചും നിയമവിരുദ്ധമായി പണം കവരുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ ജയിലും രണ്ടരലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം വരെ പിഴയുമാണ് സൈബര്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. 

Latest News