ഫെയ്സ്ബുക്കിലെ അധിക്ഷേപവും അനാവശ്യങ്ങളും ഒഴിവാക്കുന്നതിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു പരമോന്നത നീതിപീഠം-സുപ്രീം കോടതി ആവശ്യമാണോ?
അങ്ങനെയൊന്ന് വേണമെന്ന് പറയുന്നത് മറ്റാരുമല്ല. ഫെയ്സ്ബുക്ക് സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ.
സമൂഹമാധ്യമത്തിലെ ഉള്ളടക്കം പരിശോധിക്കാനും അനാവശ്യങ്ങളും അധിക്ഷേപങ്ങളും അപകീര്‍ത്തികളും കണ്ടെത്താനും സ്വതന്ത്ര കൗണ്‍സില്‍ വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ഫെയ്സ്ബുക്ക് ജീവനക്കാര്‍ക്ക് ഇത്തരം ഉള്ളടക്കത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാം. എന്നാല്‍ അന്തിമ തീരുമാനം ഫെയ്സ്ബുക്ക് ജീവനക്കാരല്ലാത്തവരടങ്ങുന്ന സ്വതന്ത്ര സമിതി കൈക്കൊള്ളണം. അധിക്ഷേപമെന്ന് അടയാളപ്പെടുത്തുന്ന ഉള്ളടക്കത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി പോലുള്ള സംവിധാനമുണ്ടായാല് ഫലപ്രദമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെറി പോസ്റ്റുകളായി അടയാളപ്പെടുത്തുന്ന ഉള്ളടക്കം വിലയിരുത്താന്‍ ഫെയ്സ്ബുക്കില്‍ ഒരു സംഘം ജീവനക്കാര്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പോസ്റ്റ് ഫെയ്സ്ബുക്ക് സമൂഹ ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്ന് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അതു നീക്കം ചെയ്യാറാണ് പതിവ്. പോസ്റ്റ് ചെയ്തയാള്‍ക്ക് തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാനാവില്ല. ഇതു മാറണം-സക്കര്‍ബര്‍ഗ് പറഞ്ഞു.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഏതു ജനാധിപത്യ സംവിധാനത്തിലും അപ്പീല്‍ നല്കാന് അവസരമുണ്ടാകണം. ആദ്യപടിയെന്ന നിലയില്‍ ആഭ്യന്തരമായി അത്തരമൊരു സംവിധാനമുണ്ടാക്കാനാണ് ആലോചിക്കുന്നതെന്ന് സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി.
സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഫെയ്സ്ബുക്ക് ജീവനക്കാരുടെ എണ്ണം 2018 അവസാനത്തോടെ ഇരട്ടിയാക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമക്കിയിരുന്നു. ഉള്ളടക്കം വിശകലനം ചെയ്യാന്‍ കഴിയുന്ന കൂടുതല്‍ പേരെ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഈ രംഗത്ത് ഫെയ്സ്ബുക്ക് കൂടുതല്‍ മുതല്മുടക്കിയിട്ടില്ലെന്ന് സക്കര്‍ബര്‍ഗ് സമ്മതിക്കുന്നു.
വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് കനത്ത തിരിച്ചടി നേരിടുന്നതിനിടെയാണ് വിശ്വാസ്യത നിലനിര്‍ത്താനുള്ള ഫെയ്സ്ബുക്കിന്റെ നടപടികള്‍. കേംബ്രഡിജ് അനലിറ്റിക്കയെന്ന ബ്രിട്ടീഷ് സ്ഥാപനം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെുപ്പില്‍ ഉപയോഗിക്കാനായി അഞ്ച് കോടി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നതായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ് ആരംഭിച്ച വിവാദം.