ന്യൂദല്‍ഹി- തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലെത്തി. രാവിലെ വ്യാപാരം ആരംഭിച്ചയുടനെ രൂപയുടെ മൂല്യം ഡോളറിനെതിരെ 77.74 നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് നിലവാരത്തില്‍നിന്ന് 12 പൈസയുടെ ഇടിവാണ് നേരിട്ടത്. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 77.74 രൂപ ചെലവഴിക്കേണ്ട സ്ഥിതിയായി.
ആഭ്യന്തര സൂചികകള്‍ തിരിച്ചടി നേരിട്ടതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. കുതിക്കുന്ന പണപ്പെരുപ്പവും അത് ചെറുക്കാന്‍ കര്‍ശന വായ്പാ നയം സ്വീകരിക്കേണ്ടിവരുന്നതും രാജ്യത്തെ വളര്‍ച്ചയെ ബാധിച്ചേക്കുമെന്ന ഭീതിയാണ് മൂല്യമിടിവിനുപിന്നില്‍.
ആഗോളതലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന പണപ്പെരുപ്പം തുടര്‍ച്ചയായ ദിവസങ്ങളില്‍ ഓഹരി വിപണിയുടെ ഇടിവ് കാരണമാകുന്നു. വിദേശ ഫണ്ടുകളുടെ ഒഴുക്ക് തടസ്സപ്പെടുന്നതും നിക്ഷേപകരുടെ പിന്മാറ്റവും രൂപയുടെ മൂല്യമിടിവിന് കാരണമാകുന്നുണ്ട്. യുഎസ് ട്രഷറി ആദായം ഉയരുന്നതും ഡോളര്‍ കരുത്താര്‍ജിക്കുന്നതും രൂപയ്ക്ക് ഭീഷണിയാണ്. ബുധനാഴ്ച ഡോറളിനെതിരെ രൂപയുടെ മൂല്യം 77.60 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.