Sorry, you need to enable JavaScript to visit this website.

വാഗമണ്‍ ഓഫ് റോഡ് റേസ് കേസ്;  ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കും 

തൊടുപുഴ-  വാഗമണ്‍ ഓഫ് റോഡ് റേസ് കേസില്‍ ജോജു ജോര്‍ജിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടിക്കൊരുങ്ങുന്നു. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് ഇടുക്കി ആര്‍ടിഒ ആര്‍.രമണന്‍ പറഞ്ഞു. വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ഇടുക്കി ആര്‍ടിഒ നടന്‍ ജോജു ജോര്‍ജിന് നോട്ടീസ് അയച്ചത്. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് ചൊവ്വാഴ്ച ആര്‍ടിഒ ഓഫീസില്‍ എത്തുമെന്ന് ഫോണില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ചൊവ്വാഴ്ച ഹാജരായില്ല. എത്തുകയില്ലെന്ന കാര്യം അറിയിക്കാനും തയ്യാറിയില്ല.
ലൈസന്‍സ് റദ്ദാക്കുന്നതിനു മുന്‍പ് കേസിലുള്‍പ്പെട്ടയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നാണ് നിയമം പരിപാടി സംഘടിപ്പിച്ച നടന്‍ ബിനു പപ്പുവിനും നോട്ടീസ് നല്‍കിയിരുന്നു. ഇവരും എത്താത്തതിനെ തുടര്‍ന്നാണ് തുടര്‍ നടപടികളിലേക്ക് കടക്കാന്‍ ആര്‍ടിഒ തീരുമാനിച്ചത്.
ആറുമാസം വരെ ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ല കളക്ടറും മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ സംഭവത്തില്‍ വാഗമണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു പേര്‍ സ്‌റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു. ദൃശ്യങ്ങളില്‍ നിന്നും തരിച്ചറിഞ്ഞ നടന്‍ ജോജു ജോര്‍ജ്ജ് ഉള്‍പ്പെടെ 17 പേരോടാണ് ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കെഎസ് യു ഇടുക്കി ജില്ല പ്രസിഡന്റ് ടോണി തോമസാണ് പരാതി നല്‍കിയത്‌
 

Latest News