ചെന്നൈ-കമല്‍ഹാസന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം 'വിക്ര'മിലെ ഗാനത്തിനെതിരെ പോലീസില്‍ പരാതി. കേന്ദ്ര സര്‍ക്കാരിനെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് പാരിതി നല്‍കിയത്.
ഖജനാവില്‍ പണമില്ലെന്നും രോഗങ്ങളെക്കുറിച്ചും പറയുന്ന പാട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ ഉണ്ടെങ്കിലും തമിഴര്‍ക്ക് ഒന്നും കിട്ടുന്നില്ലെന്നും താക്കോല്‍ കള്ളന്റെ കയ്യിലാണെന്നും പറയുന്നത് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനമാണെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയത്. 'പത്തലെ പത്തലെ' എന്ന തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് കമല്‍ഹാസന്‍ ആണ്. കമല്‍ഹാസന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദ്രനാണ്. കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ രാഷ്ട്രീയമാണ് പാട്ടിലുള്ളതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ജൂണ്‍ മൂന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരുമുണ്ട്.