കൊച്ചി- നടിയെ ഓടുന്ന വാഹനത്തിൽ പീഡിപ്പിച്ച ദിവസത്തെ യാത്ര ദിലീപും സംഘവും പുനരാവിഷ്‌കരിച്ചെന്ന് റിപ്പോർട്ടർ ചാനൽ. നടിയെ ആക്രമിച്ച അതേ സമയവും അതേ റോഡും സമാനരീതിയിലുള്ള വാഹനവും ഉപയോഗിച്ച് ആണ് യാത്ര പുനരാവിഷ്‌കരിച്ചതെന്നു റിപ്പോർട്ട് പറയുന്നു. ദിലീപ് മുംബൈയിൽ കൊണ്ടുപോയി മൊബൈൽ ഫോണിൽ നിന്ന് നീക്കം ചെയ്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. നടിയെ ക്രൂരമായി പീഡിപ്പിച്ച സമയത്തെ സാഹചര്യങ്ങളും സംഭാഷണങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ടെന്നാണ് സൂചന. നടിയെ ആക്രമിച്ച സംഭവം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള യാത്രയിൽ ദിലീപ്, 'വിഐപി' ശരത്, അഭിഭാഷകരായ സുജേഷ് മേനോൻ ഫിലിപ്പ് വർഗീസ് എന്നിവരാണ് വാഹനത്തിലുള്ളത്. ഇതിൽ ദിലീപാണ് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത്. റൂട്ട് വാഹനത്തിലെ മറ്റുള്ളവർക്ക് വിശദീകരിച്ച് നൽകുന്നത് സുജേഷ് മേനോനാണ്. ചില സംശയങ്ങൾ ചോദിക്കുന്നത് ഫിലിപ്പ് വർഗീസുമാണെന്ന് സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. ശരത്താണ് വാഹനം ഓടിക്കുന്നത്. യാത്രക്കിടയിൽ ദിലീപും സംസാരിക്കുന്നതും വീഡിയോയിൽ കേൾക്കാം.
നടിയ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങളിലെ സാഹചര്യങ്ങൾ സംഭാഷണങ്ങളിൽ പരാമർശിക്കുന്നു എന്നാണ് വിലയിരുത്തൽ. ദൃശ്യങ്ങൾ പുനരാവഷ്‌ക്കരിച്ച് ചിത്രീകരിക്കുമ്പോൾ കളർ ബ്ലീച്ച് ചെയ്യുന്നു, പേപ്പർ മാറ്റിവെക്കൂ എന്ന് ദിലീപ് പറയുന്നതും കേൾക്കാം. യഥാർത്ഥ ദൃശ്യങ്ങളിലേതിന് സമാനമായി വീഡിയോ ചിത്രീകരിക്കുന്നതിനാണ് ഇത് എന്നാണ് വിലയിരുത്തൽ.
ഇതിന് പിന്നാലെയാണ് അഭിഭാഷകരുടെ ഭാഗത്ത് നിന്നും നിർണായക സംഭാഷണങ്ങളുള്ളത്. 'അവളെ നടുവിലോട്ട് മാറ്റൂ' എന്ന് അഭിഭാഷകൻ പറയുന്നതും, പിന്നാലെ അവർ നടിയെ വീണ്ടും നടുവിലോട്ട് മാറ്റുന്നു എന്നുമാണ് പുറത്ത് വന്ന പുനരാവിഷ്‌കരിച്ച ദൃശ്യങ്ങളിലുള്ളത്. നടിയെ ക്രൂരമായി ആക്രമിച്ച സംഭവങ്ങളാണ് ഈ സംഭാഷണത്തിലൂടെ വ്യക്തമാകുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അഭിഭാഷകർ കോടതിയിൽ നിന്നും കണ്ടിരുന്നു. ഇതനുസരിച്ചാണ് അഭിഭാഷകർ പുനരാവിഷ്‌കരണ വിഡിയോയിൽ യഥാർത്ഥ വീഡിയോയിലേതിന് സമാനമായ സംഭാഷണങ്ങൾ ആവർത്തിക്കുന്നത്.
കേസിലെ പ്രതിയായ പൾസർ സുനിയെ ആലുവയിലെ ജയിലിൽ എത്തിക്കാൻ പദ്ധതിയിട്ടതായി സംഭാഷണത്തിൽ വ്യക്തമാകുന്നുണ്ട്. സുനിലിനെ ആലുവ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ നൽകണമെന്നാണ് സംഘത്തിലെ ഒരാൾ ആവശ്യപ്പെടുന്നത്. ആലുവ സബ് ജയിലിന്റെ മുന്നിലൂടെ വാഹനം സഞ്ചരിക്കുമ്പോഴാണ് ഇക്കാര്യം പറയുന്നത്. സുപ്രണ്ടിനെ കണ്ട് ജയിലിലേക്ക് കയറിയാലോ എന്ന് വാഹനത്തിലെ ഒരാൾ ചോദിക്കുന്നുണ്ട്. അപ്പോൾ മറ്റൊരു വ്യക്തി സുനി ഇവിടെ അല്ല, വിയ്യൂരിലാണെന്ന് പറയുന്നു. ഇതിന് ശേഷമാണ് സുനിലിനെ വിയ്യൂരിൽ നിന്ന് ആലുവയിലേക്ക് കൊണ്ടുവരാൻ അപേക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്നത്. ആലുവ ജയിൽ സൂപ്രണ്ടുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ദീലീപും സംഘവും ദൃശ്യങ്ങൾ പുനരാവിഷ്‌കരിക്കുമ്പോൾ പോലും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നിരിക്കാമെന്നാണ് കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പ്രതികരണം.