Sorry, you need to enable JavaScript to visit this website.

ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ ട്വിറ്ററും നിരോധിച്ചു

നിക്ഷേപകരെ കൊതിപ്പിച്ച് മുന്നേറുന്ന വിർച്വൽ കറൻസികളുമായി തട്ടിപ്പുകൾക്കെതിരായ പോരാട്ടത്തിൽ ട്വിറ്ററും പങ്കുചേർന്നു. ക്രിപ്‌റ്റോകറൻസി പരസ്യങ്ങൾ തടയാൻ ഫെയ്‌സ്ബുക്കും ഗൂഗിളും റെഡിറ്റും നേരത്തെ തീരുമാനമെടുത്തിരുന്നു. ക്രിപ്‌റ്റോകറൻസി ഇടപാടിലേക്ക് ആകർഷിക്കുന്ന പരസ്യങ്ങൾ നിരോധിച്ചുകൊണ്ടാണ് ട്വിറ്ററും തട്ടിപ്പുകാർക്കെതിരായ പോരാട്ടത്തിൽ പങ്കുചേർന്നിരിക്കുന്നത്. 
പ്രധാന സ്റ്റോക്ക് മാർക്കറ്റുകളിൽ ലിസ്റ്റ് ചെയ്യാത്ത എല്ലാ കമ്പനികളുടെയും ക്രിപ്‌റ്റോകറൻസി വിനിമയത്തിനും വാലറ്റ് സർവീസുകൾക്കും പരസ്യ നിരോധം ബാധമായിരിക്കുമെന്ന് ട്വിറ്റർ അധികൃതർ വാർത്താ ഏജൻസികളെ അറിയിച്ചു. നിലവിലുള്ള ക്രിപ്‌റ്റോകറൻസികളുടേതിനു പുറമെ, പുതിയ കറൻസി ഉണ്ടാക്കാൻ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങളും പ്രസിദ്ധീകരിക്കില്ല. ട്വിറ്റർ ബിസിനസ് പേജിലെ വ്യവസ്ഥകൾ ഇതിനായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളേയും നിക്ഷേപകരേയും വഞ്ചിക്കുന്ന ബാങ്ക് വായ്പകളും നിക്ഷേപ അവസരങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളും നിരോധിച്ചവയിൽ ഉൾപ്പെടും. നിക്ഷേപകരെയും ഉപഭോക്താക്കളെയും വലിയ നഷ്ടത്തിലെത്തിക്കുന്ന തട്ടിപ്പുകാർ അതിനായി ഇന്റർനെറ്റിനെ ഉപയോഗപ്പെടുത്താതിരിക്കാനുള്ള ജാഗ്രതയാണ് സമൂഹ മാധ്യമങ്ങളും ഗൂഗിൾ അടക്കമുള്ള ഇന്റർനെറ്റ് പ്രമുഖരും സംഘടിതമായി നടത്തുന്നത്. 
ട്വിറ്റർ സമൂഹത്തിന്റെ സുരക്ഷ സംബന്ധിച്ച പ്രതിബദ്ധതയാണ് ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ വേണ്ടെന്ന് തീരുമാനിക്കാനും അതിനായുളള വ്യവസ്ഥകൾ പോളിസിയിൽ ഉൾപ്പെടുത്താനും പ്രേരിപ്പിച്ചതെന്ന് ട്വിറ്റർ പത്രക്കുറിപ്പിൽ പറഞ്ഞു. ആഗോള വ്യാപകമായി തന്നെ ഈ നിരോധം പ്രാബല്യത്തിലുണ്ടാകുമെന്നും ട്വിറ്റർ അധികൃതർ കൂട്ടിച്ചേർത്തു. 
ക്രിപ്‌റ്റോകറൻസി പരസ്യങ്ങൾക്ക് ഫെയ്‌സ്ബുക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ പ്രഖ്യാപിച്ച നിരോധം ജൂൺ മുതൽ പ്രാബല്യത്തിൽ വരും. ഇത്തരം തീരുമാനങ്ങൾ വിപണിയിൽ കൊതിപ്പിച്ച് മുന്നേറിയിരുന്ന വിർച്വൽ കറൻസിയായ ബിറ്റ് കോയിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഡിസംബറിൽ 20,000 ഡോളർ വരെ എത്തിയിരുന്ന ബിറ്റ് കോയിന്റെ മൂല്യം പകുതിയായി കുറഞ്ഞിട്ടുണ്ട്. ഊഹാധിഷ്ഠിതമായി മുന്നേറുന്ന ബിറ്റ് കോയിൻ വലിയ സാമ്പത്തിക നഷ്ടം വരുത്തിവെക്കുമെന്ന് വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. സൗദി അറേബ്യൻ മോണിറ്ററി ഏജൻസി (സാമ) കഴിഞ്ഞ ദിവസം മുന്നറിയിപ്പ് ബിറ്റ് കോയിനെതിരെ മുന്നറിയിപ്പ് ആവർത്തിച്ചു. 
കഴിഞ്ഞയാഴ്ച ചേർന്ന ജി20 സമ്പന്ന രാഷ്ട്രങ്ങളുടെ യോഗവും വിർച്വൽ കറൻസി മുന്നേറ്റത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വ്യാപക സ്വീകാര്യത നേടുന്ന ക്രിപ്‌റ്റോ കറൻസികളെ എങ്ങനെ നിയന്ത്രണത്തിലാക്കാമെന്ന കാര്യത്തിൽ സമവായത്തിലെത്താൻ ജി-20 ക്ക് കഴിഞ്ഞില്ല. 
 

Latest News