കൊച്ചി - ലോക സുന്ദരി മാനുഷി ചില്ലർ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ് ബ്രാൻഡ് അംബാസഡറാകും. ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണ്. ലോകത്തിലെ ഏറ്റവും വലിയ അഞ്ചു ജ്വല്ലറികളിലൊന്നാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ്.
2017 ലെ ലോക സുന്ദരി പട്ടം കരസ്ഥമാക്കിയ മാനുഷി ചില്ലർ ഹരിയാനയിലെ റോത്തക്ക് സ്വദേശിനിയാണ്. ചൈനയിൽ നടന്ന മത്സരത്തിൽ 108 രാജ്യങ്ങളിലെ സുന്ദരിമാരെ തോൽപിച്ചാണ് 17 വർഷത്തിന് ശേഷം മാനുഷി ചില്ലർ ലോക സുന്ദരി പട്ടം ഇന്ത്യയിലേക്ക് തിരികെയെത്തിച്ചത്. 'ബ്യൂട്ടി വിത്ത് എ പർപ്പസ്' ടൈറ്റിലും മാനുഷി സ്വന്തമാക്കിയിരുന്നു.
മെഡിക്കൽ വിദ്യാർത്ഥിനിയായ മാനുഷി നൃത്തത്തിലും എഴുത്തിലും പെയിന്റിങിലും കായിക മേഖലയിലും വളരെയധികം മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ബ്യൂട്ടി വിത്ത് എ പർപ്പസ് എന്ന പ്രോജക്ടിന്റെ ഭാഗമായി ഇരുപതോളം ഗ്രാമങ്ങളിൽ ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയിലും ഇവർ പങ്കാളിയായിട്ടുണ്ട്.
2017 ൽ ഇന്ത്യയിലെ ടോപ് ട്രെൻഡിംഗ് പേഴ്‌സണാലിറ്റിയായി മാനുഷി ചില്ലറെ ഗൂഗിൾ തെരഞ്ഞെടുത്തിരുന്നു. ലോക സംരംഭകത്വ സമ്മേളനത്തിലെ സെലിബ്രിറ്റി സ്പീക്കറായും നിയോഗിക്കപ്പെട്ടിരുന്നു.