ദുല്‍ഖര്‍ സല്മാന് മൃണാല്‍ ഠാക്കൂര്‍- രശ്മിക മന്ദാന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സീതാരാമം' എന്ന ചിത്രത്തിന്റെ സംവിധായകന് ഹനു രാഘവപുടിയുടെ ജന്മദിനമായ ഏപ്രില്‍ 19 ന് പുതിയ വീഡിയോയുമായി വൈജയന്തി നെറ്റ്വര്‍ക്ക്. 'ഞങ്ങളുടെ മാഡ് മാന്‍ ജന്മദിനാശംസകള്' എന്ന തലക്കെട്ടുമായി 39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സിനിമ സെറ്റുകളില്നിന്നുള്ള ദൃശ്യങ്ങളാണുള്ളത്.
മഞ്ഞുമൂടിയ മലനിരകള്‍ മുതല്‍ വീടിനുള്ളില്‍ വരെ, ഹനു രാഘവപുടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയിട്ടുള്ള രസകരമായ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോയില്‍ 'ഒരു വിചിത്ര മനുഷ്യനും അയാളുടെ അഭിനിവേശവും. നിങ്ങള്‍ക്ക് ഉടന്‍ കാണാം' എന്ന് എഴുതിയിരിക്കുന്നു.
സീതയെയും രാമനെയും യഥാക്രമം മൃണാലും ദുല്‍ഖറും അവതരിപ്പിക്കുമ്പോള്‍, ഒരു ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ധീരയായ പെണ്‍കുട്ടിയായ അഫ്രീനെയാണ് രശ്മിക അവതരിപ്പിക്കുന്നത്. ആദ്യം 'പ്രൊഡക്ഷന്‍ നമ്പര്‍ 7' എന്ന് പേരിട്ടിരുന്ന ചിത്രം അശ്വിന് ദത്ത് നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്നത് ഹനു രാഘവപുടിയാണ്. വൈകാരിക പശ്ചാത്തലത്തില്‍ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.