കൊച്ചി- സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഒരുക്കണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യു.സി.സി. കഴിഞ്ഞദിസവമാണ് കോടതി ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഡബ്ല്യൂ.സി.സി നല്കിയ ഹരജിയെതുടര്ന്നായിരുന്നു കോടതി ഉത്തരവ്.
ഹൈക്കോടതിക്ക് നന്ദി പറയുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ വിധിയിലൂടെ ലഭിച്ച പ്രധാന നേട്ടങ്ങള്‍ എണ്ണിപ്പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവിനെ WCC സ്വാഗതം ചെയ്യുന്നു, സുരക്ഷിതവും തുല്യവുമായ ജോലിസ്ഥലത്തിനായുള്ള സ്ത്രീകളുടെ അവകാശങ്ങളും അതിലൂടെ അവളുടെ അന്തസ്സും ഉയര്‍ത്തിപ്പിടിച്ചതിന്, ബഹുമാനപ്പെട്ട കോടതിയോട് ആത്മാര്‍ത്ഥമായി ഞങ്ങള്‍ നന്ദി പറയുന്നു.
പ്രസ്തുത ഹൈക്കോടതി വിധിയിലൂടെ ലഭിച്ച ചില പ്രധാന നേട്ടങ്ങള്‍ ഇവയാണ്:
1. നിര്‍മ്മാതാവിനെയും പ്രൊഡക്ഷന്‍ യൂണിറ്റിനെയും വ്യക്തമായി തന്നെ ഒരു സ്ഥാപനമായി അംഗീകരിക്കുകയും ആയതിനാല്‍ 2013 ലെ ജീടഒ ആക്റ്റില്‍ നിര്‍വചിച്ചിരിക്കുന്ന പ്രകാരം തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അന്തസ്സ് ഉറപ്പാക്കുന്നതിന് അവരെ പ്രാഥമിക ഉത്തരവാദിത്തമുള്ളവരാക്കുകയും ചെയ്യുന്നു. ആഭ്യന്തര സെല്ലിന്റെ രൂപത്തില്‍ ഒരു പരാതി പരിഹാര സെല്‍ സ്ഥാപിക്കുന്നത് ഈ വിധി നിര്‍ബന്ധമാക്കുന്നു എന്നതാണ് സുപ്രധാനമായ കാര്യം. സിനിമയിലെ 'തൊഴില്‍ ഇടം' എന്താണെന്ന ചോദ്യം ഇതാദ്യമായാണ് ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ദൂരവ്യാപകമായ ചര്‍ച്ചകള്‍ ഇതുണ്ടാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
2. സംഘടനകള്‍, അതായത്, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, A.M.M.A, മാക്ട, കേരള സ്റ്റേറ്റ് ഗവണ്മെന്റ്, ഫിലിം ചേംബര്‍ എന്നിവയെല്ലാം പോഷ് ആക്ട് 2013 ല്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണ്. ഇത് നടപ്പിലാക്കപ്പെടുന്നു എന്ന് സിനിമാ വ്യവസായത്തിലെ നാമെല്ലാവരും ഉറപ്പാക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് സ്ത്രീകളുടെ മാന്യത ഉറപ്പുവരുത്തുകയും അത് ഉറപ്പാക്കാന്‍ നടപടിയെടുക്കുകയും ചെയ്യുക എന്നത് ഒരു ഔപചാരികത എന്നതിലുപരി പൂര്‍ണ്ണമായും ശരിയായ മനോഭാവത്തോടെ നടപ്പിലാക്കേണ്ട ഒരു ഉത്തരവാദിത്വമാണ്.
3. PoSH ആക്റ്റ് 2013 പ്രകാരം തന്നെയാണ് ഐ സി നടപ്പിലാക്കുന്നതെന്നു് ഉറപ്പാക്കാന്‍ A.M.M.A യോട് ഈ വിധി ആവശ്യപ്പെടുന്നു.
4. അതോടൊപ്പം ഈ കോടതി വിധി ഭരണഘടനാപരമായ സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിക്കുകയും സിനിമാമേഖലയിലെ സ്ത്രീകള്‍ക്ക് ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും അംഗീകരിക്കുകയും ചെയ്യുന്നു.
സുപ്രധാനമായ ഈ കോടതി വിധി സമ്മാനിച്ചതിന് ആത്മാര്‍ത്ഥമായ നന്ദി ഞങ്ങള്‍ ഒരിക്കല്‍ കൂടി അറിയിക്കുന്നു.
എന്നിരുന്നാലും, ഈ വിധിയുടെ വിജയകരമായ നടപ്പാക്കലിന്, സ്ത്രീയുടെ വ്യക്തിത്വവും അധ്വാനത്തിന്റെ മഹത്വവും അംഗീകരിക്കുന്ന ഒരു മലയാള ചലച്ചിത്ര മേഖലയെ കൂടി ആവശ്യപ്പെടുന്നുണ്ട്. മലയാള സിനിമാ സംഘടനകള്‍ ഈ വിധിയെ ഏറെ താല്പര്യത്തോടെ സ്വാഗതം ചെയ്യുന്നത് സന്തോഷകരമാണ്. എന്നാല്‍ അതിനൊപ്പം വിധി നടപ്പാക്കലിന്റെ സ്വഭാവത്തെക്കുറിച്ചും അതിന്റെ ആത്യന്തികമായ ഫലപ്രാപ്തിയെക്കുറിച്ചും നമ്മള് എല്ലാവരും ജാഗ്രത പാലിക്കേണ്ടതുമാണ് .ഇതിനായി, സമാന ചിന്താഗതിക്കാരായ എല്ലാ സംഘടനകളുമായും കൈകോര്‍ക്കുന്നതില്‍ ണഇഇ ക്ക് സന്തോഷമേ ഉള്ളൂ.
സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും, ഈ രംഗത്തേക്ക് കടക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ വിധി നല്കുന്ന ആശ്വാസം ചെറുതല്ല. ഈ വിധി മലയാളി സ്ത്രീ ചരിത്രത്തില്‍ തന്നെ വലിയ നാഴികകല്ലാണ്.
അഭിനന്ദനങ്ങള്‍!
ഈ നിര്‍ണായക വിധി WCCയുടെ ഒരു നീണ്ട പോരാട്ടമായിരുന്നു. ഈ യാത്രയിലുടനീളം ഞങ്ങള്‍ക്കൊപ്പം നിന്നവരില്ലാതെ ഈ നേട്ടം ഒരിക്കലും സാധ്യമാകുമായിരുന്നില്ല. ഞങ്ങളുടെ പങ്കാളികളും ഇംപ്ലീഡറുമായ CINTAA, Kerala WCD, സന്തോഷ് മാത്യു, താലിഷ് റേ, ബിനോദ് പി, സുനീത ഓജ എന്നിവരുള്‍പ്പെടെയുള്ള ഞങ്ങളുടെ അഭിഭാഷകരുടെ ടീമിനോടും, സിനിമ, രാഷ്ട്രീയം, കലാ സാഹിത്യ രംഗത്തു നിന്നും ഞങ്ങളെ പിന്തുണച്ച സുഹൃത്തുക്കളോടും ഈ അവസരത്തില്‍ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. എല്ലാവര്ക്കും തുല്യമായ തൊഴിലിടം ഉറപ്പ് വരുത്താനുള്ള ഒരു വലിയ ചുവട്ടുപടിയാണ് ഈ പോരാട്ടം.
മുന്നോട്ട് !