Sorry, you need to enable JavaScript to visit this website.

ആറാട്ടിനെ ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നുവെന്ന് സംവിധായകന്‍

കൊച്ചി- മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിനെതിരെ  ഡീ ഗ്രേഡിംഗ് ക്യാംപയിന്‍ നടക്കുന്നതായി സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. കോവിഡ് കാലത്ത് ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് പൂര്‍ത്തിയാക്കിയ ചിത്രമാണ് ആറാട്ട്. യുക്തികള്‍ക്കും തിരക്കഥക്കുമപ്പുറം മോഹന്‍ലാലിനെ ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍ ചെയ്തത്. കനത്ത സാമ്പത്തിക നഷ്ടം സഹിച്ചും തിയറ്ററുകളില്‍ തന്നെ ചിത്രം റിലീസ് ചെയ്യുകയെന്നതായിരുന്നു ആഗ്രഹം. ചിത്രത്തെ ജനം നെഞ്ചോട് ചേര്‍ക്കുന്നതാണ് എല്ലായിടത്തും ദൃശ്യമായതും. എന്നാല്‍ ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്നതിനുള്ള ബോധപൂര്‍വ്വമുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ബി. ഉണ്ണികൃഷ്ണന്‍ ആരോപിയ്ക്കുന്നു. കോട്ടയ്ക്കലില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആറു പേര്‍ ഉറങ്ങുന്ന ദൃശ്യങ്ങളോടൊപ്പം ചേര്‍ത്ത് വ്യാജപ്രചാരണമാണ് നടത്തുന്നത്. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കോട്ടയ്ക്കലിലെ തിയറ്റര്‍ ഉടമ നല്‍കിയ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തതായും അദ്ദേഹം അറിയിച്ചു. തിയറ്ററിലെ ദൃശ്യങ്ങള്‍ ചേര്‍ത്ത് വ്യാജപ്രചാരണം നടത്തുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്. ഫെബ്രുവരി 18 നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ആറാട്ട് റിലീസ് ചെയ്തത്. കോവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം അമ്പത് ശതമാനം സീറ്റുകളില്‍ ടിക്കറ്റ് നല്‍കാനാണ് അനുമതിയുള്ളത്. സംസ്ഥാനത്തെ ഏറിയ പങ്കു തിയറ്ററുകളിലും ഹൗസ്ഫുള്‍ പ്രദര്‍ശനത്തോടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രാരംഭ കളക്ഷനാണ് ആറാട്ടിന് ലഭിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ചിത്രത്തിന്റെ പ്രദര്‍ശന വിജയം കൊച്ചിയില്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു.

 

Latest News