ഒട്ടും പുതുമയുള്ള ഒരു തട്ടിപ്പല്ല ഫോൺവിളിച്ച് ആളുകളെ കബളിപ്പിക്കൽ. സാങ്കേതിക വിദ്യ ഇത്രയധികം പുരോഗതി കൈവരിച്ചിട്ടും ഇപ്പോഴും നിർബാധം തുടരുകയും ആരും പറ്റിക്കപ്പെടാവുന്നതുമായ ഒരു തട്ടിപ്പാണ് വ്യാജ ഫോൺവിളികൾ. നമ്മുടെ ഫോണിലേക്ക് ഒരു കോൾ വന്നാൽ സ്വാഭാവികമായും ആരാണെന്നറിയാൻ നാം സ്‌ക്രീനിലേക്ക് നോക്കും. ഫോൺ അറ്റൻഡ് ചെയ്ത് സംസാരിച്ചു തുടങ്ങുന്നതു വരെ ഈ കാണുന്ന പേരോ നമ്പറോ നമുക്ക് പൂർണമായും വിശ്വസിക്കാനാവില്ലെന്നതാണ് വസ്തുത.
കഴിഞ്ഞയാഴ്ച അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാർക്ക് എംബസി ഒരു മുന്നറിയിപ്പു നൽകിയിരുന്നു. ഇന്ത്യൻ എംബസി ജീവനക്കാരാണെന്നു പരിചയപ്പെടുത്തി നിരവധി ഇന്ത്യക്കാരെ വിളിച്ച് എംബസി സേവനങ്ങളുടെ പേരിൽ പണം കൈക്കലാക്കുന്ന തട്ടിപ്പിനെതിരെ ആയിരുന്നു അത്. വീസ, പാസ്‌പോർട്ട് മറ്റു താമസ രേഖകളുമായി ബന്ധപ്പെട്ട് എംബസിയെ സമീപിച്ചു കാത്തിരുന്നവർക്കാണ് ഈ ഫോൺ വിളികൾ ലഭിച്ചത്. ഇവരിൽ പലരും തട്ടിപ്പിനിരയാകാൻ കാരണം ഫോൺ വിളി വന്നത് എംബസി നമ്പറിൽ നിന്നായിരുന്നു എന്നതാണ്. എംബസി ഫോൺ നമ്പർ കണ്ട് വിശ്വസിച്ച പലരും ഉദ്യോഗസ്ഥർ ചമഞ്ഞ് വിളിച്ചവർ പറഞ്ഞ തുക കൈമാറുകയും ചെയ്തു. പിന്നീട് ഇതു സംബന്ധിച്ച് എംബസിയെ നേരിട്ടു സമീപിച്ചപ്പോഴാണ് എംബസിയിൽ നിന്നും ആരും ഇങ്ങനെ ഫോണിൽ വിളിച്ചിട്ടില്ലെന്നും തട്ടിപ്പിനിരയായതും ഇവർ തിരിച്ചറിഞ്ഞത്. സാങ്കേതിക പരിജ്ഞാനമുള്ളവർ തൊട്ട് സാധാരണക്കാർ വരെ വേഗത്തിൽ പറ്റിക്കപ്പെടാവുന്ന സർവ സാധാരണയായ ഈ കബളിപ്പിക്കൽ ഫോൺ വിളിക്ക് ഇരയാകാതിരിക്കാൻ മുൻകരുതലെടുക്കുക മാത്രമെ വഴിയുള്ളൂ.
കോളർ ഐഡി സ്പൂഫിങ് അഥവാ പറ്റിക്കൽ ഫോൺവിളി
നമുക്കറിയാവുന്ന അല്ലെങ്കിൽ വിശ്വസനീയമായ നമ്പറുകൾ കോളർ ഐഡി ആയി കാണിച്ച് അജ്ഞാത നമ്പറുകളിൽ നിന്ന് വ്യാജ ഫോൺ കോൾ നടത്തുന്നതാണ് ഈ തട്ടിപ്പ്. രണ്ടു വിധം ഈ തട്ടിപ്പിന് നാം ഇരയാകാം. ഒന്ന് സുഹൃത്തുക്കളാലോ മറ്റോ വെറുതെ കബളിപ്പിക്കപ്പെടാം. മറ്റൊന്ന് നാം ഇടപാട് നടത്തുന്ന ബാങ്കുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരാണെന്ന വ്യാജേന എത്തുന്ന കോളുകൾ. പണം നഷ്ടപ്പെടാനിടയുള്ള ഈ തട്ടിപ്പു വിളി ഒറ്റ നോട്ടത്തിൽ വിശ്വസനീയ നമ്പറിൽ നി്ന്നാണെന്ന് തോന്നിപ്പിക്കും. ഇങ്ങോട്ടു വരുന്ന കോളിൽ കാണിക്കുന്ന നമ്പർ ശരിക്കും വിളിക്കുന്നയാളുടേത് ആയിരിക്കണമെന്നില്ല എന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. അമേരിക്കയിൽ തട്ടിപ്പിനിരയായ ഇന്ത്യക്കാരിൽ പലർക്കും ഫോൺവിളി ലഭിച്ചത് ഇന്ത്യൻ എംബസിയുടെ നമ്പരിൽ നിന്നായിരുന്നു. അതായത് കോൾ അറ്റൻഡ് ചെയ്യുന്നവരുടെ ഫോണിൽ ഏതു നമ്പർ കാണിക്കണമെന്ന് വിളിക്കുന്നവർക്ക് നിശ്ചയിക്കാം. വിളിക്കുന്ന നമ്പർ രഹസ്യമാക്കി വക്കുകയും ചെയ്യാം. വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ (ഢീകജ) ന്റെ ആവിർഭാവത്തോടെയാണ്, അതായത് ഇന്റർനെറ്റ് കോളുകളുടെ ഈ തട്ടിപ്പ് വ്യാപകമായത്.
ഇന്ന് VoIP സേവനങ്ങൾ നൽകുന്ന നിരവധി ആപ്പുകൾ ലഭ്യമാണ്. ഫോണിൽ നിന്ന് ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് ലോകത്ത് എവിടേക്കും വേഗത്തിലും കുറഞ്ഞ ചെലവിലു വിളിക്കാം. വിളിക്കുന്നയാളുടെ നമ്പറായിരിക്കില്ല VoIP കോളുകൾ സ്വീകരിക്കുന്നവരുടെ ഫോണിൽ കാണിക്കുക. ഇവിടെ ഏതു നമ്പർ കാണിക്കണമെന്ന് തീരുമാനിക്കാനും വിളിക്കുന്നയാൾക്കു കഴിയും. ഇത്തരം തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയും എടിഎം കാർഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈക്കലാക്കിയും തട്ടിപ്പു നടത്തുന്ന സംഘങ്ങൾ വ്യാപകമാണ്. പലരും, ബാങ്ക് ഉദ്യോഗസ്ഥർ പോലും ഇത്തരം തട്ടിപ്പിനിരയായ വാർത്തകൾ നാം വായിച്ചിട്ടുമുണ്ട്.
പറ്റിക്കൽ ഫോൺ വിൽയിൽ നിന്ന് രക്ഷപ്പെടാൻ അഞ്ച് മുൻകരുതലുകൾ
1. മറുപടി നൽകാതിരിക്കുക. നമ്പർ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ കോൾ അറ്റൻഡ് ചെയ്യാതിരിക്കുക അല്ലെങ്കിൽ വോയ്‌സ്‌മെയ്ൽ ആയി സ്വീകരിക്കുക. തട്ടിപ്പുകാർ ഒരിക്കലും വോയ്‌സ്‌മെയ്ൽ സന്ദേശങ്ങൾ വിടില്ല. ഇനി വിട്ടാൽ തന്നെ അതു പരിശോധിക്കാൻ നമുക്ക് സമയം ലഭിക്കുന്നു. ഇനി മറുപടി നൽകുകയാണെങ്കിൽ തട്ടിപ്പാണെന്ന തിരിച്ചറിയുന്ന നിമിഷം കോൾ അവസാനിപ്പിക്കുക.
2 കോളർ ഐഡി വ്യക്തമാക്കുന്ന ആപ്പുകൾ ഉപയോഗിച്ച് തട്ടിപ്പുകാരെ തിരിച്ചറിയാം. ഇത്തരം ആപ്പുകൾ വേഗത്തിൽ തന്നെ കോളറുടെ വിവരങ്ങൾ മൊബൈൽ സ്‌ക്രീനിൽ കാണിക്കും. ഇത്തരം ആപ്പുകളൊന്നും ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ ഈ നമ്പർ ലളിതമായി ഒരു ഗൂഗ്ൾ സെർച്ച് ചെയ്താലും മതി.
3 വരാനിടയുള്ള കോളുകളെ തടയാം അനാവശ്യ കോളുകളോ തട്ടിപ്പുകാരോ നേരത്തെ വിളിച്ചിട്ടുണ്ടെങ്കിൽ ഇവരുടെ നമ്പർ ബ്ലോക്ക് ചെയ്യുക. ഒരേ നമ്പറിൽ നിന്ന് വീണ്ടും കബളിപ്പിക്കപ്പെടാതിരിക്കാൻ ഇതു സഹായിക്കും.
4 ശ്രദ്ധയോടെ മാത്രം സംസാരിക്കുക. തട്ടിപ്പ് തിരിച്ചറിയാതെ അറ്റൻഡ് ചെയ്ത് കോൾ ആണെങ്കിൽ നാം സൂക്ഷിച്ചു മാത്രമെ ഓരോ കാര്യവും സംസാരിക്കാവൂ. നമ്മിൽ നിന്നും തട്ടിപ്പിനാവശ്യമായ വിവരം ചോർത്തലാകും മറുതലയിലെ തട്ടിപ്പുകാരുടെ ലക്ഷ്യം. നമ്മുടെ വ്യക്തിഗത വിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ബാങ്ക് സംബന്ധിച്ച വിവരങ്ങൾ, ഔദ്യോഗികമായ രേഖകൾ ഒന്നും തന്നെ ഫോണിലൂടെ കൈമാറരുത്. ബാങ്കിൽ നിന്നാണെന്നും നികുതി വകുപ്പിൽ നിന്നാണെന്നും പരിചയപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളുടെ രീതിയാണിത്.
5 സംസാരിക്കുന്നയാളെ മനസ്സിലാക്കുക. സംസാരത്തിലൂടെ വിളിക്കുന്നയാളുടെ ലക്ഷ്യം പെട്ടെന്ന് തിരിച്ചറിയാൻ ശ്രമിക്കുക. ഇതിനുള്ള ഒരു മാർഗം സംസാര രീതിയാണ്. തട്ടിപ്പൂകാരണെങ്കിൽ സ്വാഭാവികമായും നമ്മിൽ നിന്നും എന്തെങ്കിലും വിവരം ആയിരിക്കും തേടുക. ഈ വിവരം ലഭിക്കാനായി അവർ നിർബന്ധിച്ചു കൊണ്ടിരിക്കും. പെട്ടെന്ന് വിവരം നൽകി ഉടനടി തീരുമാനമെടുക്കാൻ പ്രേരിപ്പിക്കും. അമേരിക്കയിൽ നടന്ന തട്ടിപ്പിൽ ഒരാഴ്ച്ചക്കകം പണം അടച്ചില്ലെങ്കിൽ വീസ അസാധുവാകും എന്നായിരുന്നു എംബസിയിൽ നിന്ന് എന്ന വ്യാജേന വിളിച്ചവർ ഭീഷണിപ്പെടുത്തിയത്. ഇതു പോലുള്ള ഭീഷണികളേയും തിരിച്ചറിയണം. വിവരം നൽകൽ അത്യാവശ്യമാണെന്നും അല്ലെങ്കിൽ ആശങ്കയിലാക്കലുമാണ് ഇത്തരം തട്ടിപ്പുകാരുടെ സാധാരണ രീതി.