ന്യൂദല്‍ഹി- വൈദ്യുത കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി വെട്ടിക്കുറയ്ക്കണമെന്ന അമേരിക്കന്‍ കമ്പനിയായ ടെസ്്‌ലയുടെ ആവശ്യം ഇന്ത്യ തള്ളി. ഭാഗികമായി നിര്‍മിച്ച് ഇന്ത്യയിലെത്തിച്ച് അസംബിള്‍ ചെയ്താല്‍ തീരുവയില്‍ കുറവുണ്ടാകുമെന്നും ഈ രീതിയില്‍ രാജ്യത്ത് വിദേശ കമ്പനികള്‍ വൈദ്യുത വാഹനങ്ങള്‍ വിപണനം ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കിയാണ് നടപടി.
ടെസ്്‌ലയുടെ ആവശ്യപ്രകാരം നികുതി കുറയ്ക്കേണ്ട സാഹചര്യമുണ്ടോ എന്നത് പരിശോധിച്ചിരുന്നു. എന്നാല്‍, ചില നിക്ഷേപകര്‍ നിലവിലെ നികുതി നിരക്കില്‍ത്തന്നെ ഇന്ത്യയില്‍ ഉത്പാദനം നടത്തിവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇറക്കുമതിത്തീരുവ കുറയ്ക്കേണ്ടതില്ലെന്നു കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ വിവേക് ജോഹ്രി വ്യക്തമാക്കി.
ഇന്ത്യയില്‍ ഉത്പാദനം നടത്താന്‍ തയാറാണെന്ന് ടെസ്ല പറയുന്നുണ്ടെങ്കിലും അതിനുള്ള ഒരു പദ്ധതിയും കമ്പനി ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. തുടക്കത്തില്‍ ഇറക്കുമതി ചെയ്ത് വിപണി സാഹചര്യം പരിശോധിച്ച ശേഷം ഉത്പാദനം തുടങ്ങാനാണ് കമ്പനി പദ്ധതിയിടുന്നത്. എന്നാല്‍, പൂര്‍ണമായി നിര്‍മിച്ച വൈദ്യുത വാഹനം ഇറക്കുമതി ചെയ്യുന്നതിന് 100 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്നും ഇതു സ്വീകാര്യമല്ലെന്നുമാണ് ടെസ്്‌ലയുടെ നിലപാട്.
ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ പൂര്‍ണമായി നിര്‍മിച്ച വൈദ്യുത വാഹനങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പല വിദേശകമ്പനികളും ഇന്ത്യയില്‍ ഉത്പാദനം തുടങ്ങാന്‍ സന്നദ്ധമായിട്ടുണ്ട്.