ശ്രേയസ്‌കരമായ ചിന്തകളുള്ള ഒരാൾ ഒരിക്കലും തനിച്ചാവില്ല എന്ന് പറയാറുണ്ട്. സദ്ചിന്തകൾ പൂവിടുന്ന ഒരു പൂമരം ഹൃദയത്തിൽ നട്ടുപിടിപ്പിച്ചാൽ അവിടെ സുകൃതത്തിന്റെ കിളികൾ സദാ കൂട്ടിനെത്തുമെന്ന് കാവ്യാത്മകമായ ഭാഷയിൽ മഹാൻമാർ പറഞ്ഞിട്ടുണ്ട്. അത്തരം ആളുകൾ ജീവിതത്തിൽ ഒറ്റപ്പെടുകയില്ല. അവർ ജീവിത പ്രതിസന്ധികളിൽ നിരാശരാവുകയുമില്ല. സ്വന്തം അനുഭവങ്ങളിലൂടെയും മറ്റുള്ളവരുടെ അനുഭവ സാക്ഷ്യങ്ങളിലൂടെയും ഈ സത്യം പല കുറി ബോധ്യപ്പെട്ടവരാണ് നമ്മിൽ പലരും.
ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ദിവസങ്ങൾ നാം ഈ ഭൂമിയിലേക്ക് പിറന്ന് വീണ ദിനവും മറ്റൊന്ന് എന്തിനായി പിറന്ന് വീണു എന്ന് തിരിച്ചറിയുന്ന ദിനവുമാന്നെന്ന് സരസ സാമ്രാട്ടായ മാർക് ട്വയ്ൻ തമാശയായി എഴുതിയതല്ല. ഓരോരുത്തരുടെയും ജീവിതം പലതലത്തിലും തരത്തിലും ഭിന്നമാണ്. തന്റെ കഴിവും കഴിവുകേടും തിരിച്ചറിഞ്ഞ് ഒരാൾ തന്റെ അനന്യമായ ജീവിതത്തിന്റെ അതുല്യമായ
അർത്ഥം കണ്ടെത്തുമ്പോൾ ദൈനംദിന കർമങ്ങൾക്ക് കൂടുതൽ ദീപ്തിയും ദിശാബോധവും ലഭിക്കുന്നു. പിന്നീടുന്ന ഓരോ ദിനവും വൈവിധ്യമാർന്ന ശ്രേഷ്ഠ കർമങ്ങൾ കൊണ്ട് അത്തരം ജീവിതങ്ങൾ ധന്യമായിത്തീരും.
ആത്മസംതൃപ്തിയോടെ ജീവിതത്തിലേക്ക് പിന്തിരിഞ്ഞു നോക്കാൻ കഴിയുന്നവർ രണ്ട് ജീവിതം ജീവിച്ചവരെപ്പോലെയാണെന്ന് ഖലീൽ ജിബ്രാൻ കുറിച്ചത് കാണാം.
നമ്മുടെ ജീവിതത്തെ ക്ഷേമകരമാക്കുന്നതിനുള്ള രഹസ്യം ചുറ്റുമുള്ള മറ്റുള്ളവരുടെ ജീവിതം ദയാവായ്‌പോടെ എളുപ്പമാക്കാൻ സഹായിക്കുക്കുന്നതിലാണ് കുടികൊള്ളുന്നത്. നിങ്ങൾ ഭൂമിയിലുള്ളവരോട് കാരുണ്യം കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോട് കാരുണ്യം കാണിക്കും എന്ന സുപ്രസിദ്ധമായ പ്രവാചക വചനം നമ്മുടെ പ്രയാസങ്ങളെയും പ്രതിസന്ധികളെയും ആത്മസംഘർഷങ്ങളെയും ലഘൂകരിക്കാനുള്ള അമൂല്യമായ ഒറ്റമൂലിയാണെന്ന് തിരിച്ചറിയണം.
നമുക്ക് ചുറ്റുമുള്ളതാണ് നമ്മുടെ ലോകം. നമ്മുടെ വീട്, കുടുംബം, അയൽപക്കം, തൊഴിലിടം, നാം അനുദിനം ഇടപെടുന്ന സഹ പ്രവർത്തകർ, നമ്മുടെ സൗഹൃദങ്ങൾ ഒക്കെ ചേർന്നതാണ് ആ ലോകം.
ആലോചിച്ചു നോക്കൂ.
നമ്മുടെ ചിന്തയും വാക്കും പ്രവൃത്തിയും അവിടങ്ങളിലൊക്കെ ആശ്വാസത്തിന്റെയും ശുഭപ്രതീക്ഷയുടെയും കുളിർ കാറ്റ് പകരുന്നതായാൽ, പ്രസാദാത്മകത്വം കൊണ്ട് പ്രകാശ പൂരിതമാക്കുന്നതായാൽ എത്ര നന്നായേനേ! അല്ലേ? ഇതിനൊക്കെ എന്താണ് വേണ്ടത്? മനസ്സ് നന്നാവണം.
'മനസ്സ് നന്നാവാനെന്ത് നല്ലൂ?
നല്ലൊരു ചൂല് മനസ്സിൽ നല്ലൂ' എന്ന് കുഞ്ഞുണ്ണി മാഷ് വെറുതെ പറഞ്ഞതല്ല.
മനുഷ്യ മനസ്സ് തിൻമയിലേക്ക് വഴുതി അസാൻമാർഗിക പ്രവൃത്തികളിലേക്ക് എളുപ്പത്തിൽ ആകർഷിക്കപ്പെടുന്ന ഒന്നാണ്. നിരന്തരം പല വഴികളിലൂടെ അടിഞ്ഞു കൂടുന്ന വാശിയും അസൂയയും കുശുമ്പും വിദ്വേഷവും അഹങ്കാരവും ദുരഭിമാനവും കൊണ്ട് മലിനമാകുന്ന മനസ്സ് വിശ്വാസ വഞ്ചന, വൈരം, പ്രതികാരം, കുടുംബ ബന്ധം മുറിക്കൽ തുടങ്ങി പല വിഷപ്പാമ്പുകൾക്കും താവളമായേക്കും. തിന്മകളിലേക്ക് ഏത് നേരവും അത് പൊടുന്നനെ എടുത്ത് ചാടിയേക്കും. അതിനാൽ തന്നെ നമ്മുടെ മനോമുറ്റം അപ്പപ്പോൾ തന്നെ അത്തരം ദുഷിച്ച ചിന്തകളെയും പ്രവണതക്വളയും തൂത്തുവാരി വെടിപ്പാക്കി വെക്കണം. ദൈവ ചിന്തയോടെ നനച്ചു വളർത്തുന്ന വിട്ടുവീഴ്ച കൊണ്ടും പശ്ചാത്താപം കൊണ്ടും മാത്രമേ ഇത് സാധിക്കുകയുള്ളൂ. പ്രാർത്ഥനാപൂർവമുള്ള ക്ഷമയും പ്രായശ്ചിത്ത മനോഭാവവും ഇതിനത്യാവശ്യമാണ്. ഏത് നേരത്തും നമ്മെത്തേടിയെത്താനിടയുള്ള മരണമെന്ന അനിഷേധ്യ അതിഥിയെ കുറിച്ചുള്ള സ്മരണയും ഇതിന് കൂടിയേ തീരൂ. ബാപ്പയോട് ഏറെ നാൾ പിണങ്ങി നടന്ന ഒരു പ്രവാസിയായ മകൻ ബാപ്പയുടെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് കദന ഭാരം സഹിക്കാനാവാതെ മനോരോഗിയായി മാറിയ കഥ ഈയിടെ എന്റെ ഒരു സഹപാഠി പങ്കുവെച്ചത് ഓർത്തു പോവുകയാണ്. ചെറുകനിവിൽ, അലിവാർന്ന ഒരു ക്ഷേമാന്വേഷണത്തിൽ വിനയാന്വിതമുള്ള ഒരു ക്ഷമാപണത്തിൽ,
ഒറ്റ ഫോൺ വിളിയിൽ ഉരുകിയൊലിച്ചു പോകേണ്ട തെറ്റിദ്ധാരണകളുടെയും അകൽച്ചയുടെയും എത്രയെത്ര മഞ്ഞുപാളികളാണല്ലേ പലർക്കുമിടയിൽ ദിനംപ്രതി കനം വെക്കുന്നത്? ഈ പാളികളാണ് നമ്മുടെ സദ്ചിന്തകൾക്കും സൽകർമങ്ങൾക്കും മനസ്സമാധാനത്തിനും വിലങ്ങ് തടിയാവുന്നതെന്ന കാര്യം നാം ബോധ പൂർവം വിസ്മരിക്കുകയാണ്. അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുകയാണ്.
ഒരു നിമിഷം ഒരാത്മപരിശോധന നടത്തി നോക്കൂ.
ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ചില മുഖങ്ങൾ തെളിഞ്ഞു വരുന്നുണ്ടാവണം. ചില വേദനകളെങ്കിലും നേരിയ തോതിൽ നിങ്ങളെ അലട്ടുന്നുണ്ടാവണം. ഏതാനും അറ്റുപോയേക്കാവുന്ന അല്ലെങ്കിൽ അറ്റുപോയ ചില ബന്ധങ്ങൾ നിങ്ങളുടെ സൈ്വരം കെടുത്തി മനസ്സിൽ അസ്വസ്ഥയുടെ കൂറ്റൻ അലമാലകൾ തീർക്കുന്നുണ്ടാവണം. ശരിയല്ലേ? അതൊക്കെ അങ്ങനെ സംഭവിച്ചു പോയി. ഇനി എന്ത് ചെയ്യാൻ കഴിയും? ചിലരുടെയെങ്കിലും മനസ്സിപ്പോൾ ഇങ്ങനെ മന്ത്രിക്കുന്നുണ്ടാവണം. എന്നാൽ ഒരു കാര്യമറിയണോ? വിലപിച്ചതുകൊണ്ടായില്ല.
കാരണം നിങ്ങളാണ് ഇതിൽ നിർണായകമായ പങ്ക് വഹിക്കേണ്ട ആൾ. ഇത്തിരി നേരം ദയവായി ശ്വാസഗതിയിൽ മാത്രം ശ്രദ്ധിച്ച് മനസ്സ് ശാന്തമാക്കുക. കലങ്ങിയ മനസ്സ് തെളിഞ്ഞ് വരുന്നത് കാണാം.
ഒരുൾ വെളിച്ചം പതുക്കെ അകതാരിൽ പ്രസരിക്കുന്നതനുഭവപ്പെടും.
ആ സൗമ്യ വെളിച്ചത്തിൽ സ്വയം ചോദിക്കുക. തകർന്ന ബന്ധങ്ങൾ കാരണം അസ്വസ്ഥഭരിതമായി ഇങ്ങനെ തള്ളിനീക്കേണ്ടതാണോ എന്റെ ജീവിതം? എന്റെ എളിയ ഒരു പരിശ്രമം കൊണ്ട് സ്‌നേഹാർദ്രമായ ഒരു പരിഗണന കൊണ്ട് നീക്കാവുന്ന ഞാനുമായുള്ള പ്രസ്തുത ബന്ധത്തിലെ അല്ലെങ്കിൽ വിനിമയത്തിലെ ഈ ഇരുണ്ട ഘട്ടം ഞാനായിട്ടെന്തിന് ദീർഘിപ്പിക്കണം? ഇരുൾ നീക്കി വെട്ടം വിതറാൻ എനിക്കും ചിലത് ചെയ്യാൻ കഴിയില്ലേ?
സദ്‌വിചാരത്തിന്റെ ഈ വേലിയേറ്റ വേളയിൽ താങ്കൾ തനിച്ചല്ലെന്നറിയുക. സാക്ഷിയായി സർവജ്ഞനും ദയാലുവുമായ ദൈവം നിങ്ങളോടൊപ്പമുണ്ടെന്നറിയുക. നോക്കൂ, നിങ്ങൾക്ക് അകത്തും പുറത്തും അതീവ ഹൃദ്യമായ മാറ്റം സംഭവിച്ചുതുടങ്ങിയിരിക്കുന്നു. പൊറുക്കാനും പൊരുത്തപ്പെടീക്കാനും ജീവിതം പരസ്പരം കൂടുതൽ ക്ഷേമകരമാക്കാനും പ്രിയപ്പെട്ടവരേ, ദയവായി ഇനിയും വൈകിക്കല്ലേ!