കൊച്ചി- ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന ചിത്രത്തിലെ ഭാഷയെ വിമര്‍ശിക്കുന്നവരില്‍ 90 ശതമാനവും ആളുകളും സിനിമ കണ്ടിരിക്കാന്‍ ഇടയില്ലെന്ന് ഹൈക്കോടതി. സിനിമയില്‍ പ്രഥമദൃഷ്ട്യാ നിയമലംഘനം ഒന്നും തന്നെ നടന്നിട്ടില്ലെന്നും സിനിമയ്‌ക്കെതിരേ നല്‍കിയ ഹര്‍ജി പ്രശസ്തിയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ചുരുളി ഭാഷ എന്നൊരു പ്രയോഗം തന്നെ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. 90 ശതമാനം പേരും സിനിമ കാണാതെയാവണം അഭിപ്രായം പറയുന്നത്. സിനിമ കണ്ടു വിമര്‍ശിക്കുന്നതാണെങ്കില്‍ മനസ്സിലാക്കാം അല്ലാതെയുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ശരിയല്ല കോടതി പറഞ്ഞു.
കോടതി നിയോഗിച്ച പ്രത്യേക പോലീസ് സംഘം ചുരുളിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. സിനിമയുടെ പ്രദര്‍ശനത്തിന് മുമ്പ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. സിനിമയിലെ ഭാഷാ പ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്കും ഉതകുന്നതാണ്. ഒടിടി പ്ലാറ്റോഫോമിനെ പൊതുവിടമായി കണക്കാക്കാനാവില്ല. ഭാഷകളിലോ ദൃശ്യങ്ങളോ നിയമലംഘനം ഇല്ല. ഭരണഘടന നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടില്ല. സിനിമ ചുരുളി സങ്കല്‍്പ ഗ്രാമത്തിന്റെ കഥ മാത്രമാണെന്നും പോലീസ് സംഘം വിലയിരുത്തി.സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിനിമയില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് കോടതി നിയോഗിച്ച പ്രത്യേക പോലീസ് സംഘം സിനിമ കണ്ടത്.
ചുരുളി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷകയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നുമായിരുന്നു ഹര്‍ജിയില്‍ പറഞ്ഞത്.എന്നാല്‍ സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. അതില്‍ കോടതിക്ക് കൈകടത്താന്‍ സാധിക്കില്ല.