കോഴിക്കോട്- മലയാള സിനിമാ രംഗത്ത് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ കഴിഞ്ഞ ദിവസം പുറത്തായ കത്തിലുണ്ടായിരുന്നു. എന്തുകൊണ്ട് നടിമാര്‍ ഇക്കാര്യം തുറന്നുപറയുന്നില്ല എന്ന ചോദ്യം പ്രധാനമാണ്. സിനിമാ മേഖലയിലെ ഇത്തരം രീതികളെ കുറിച്ച് ജസ്റ്റിസ് ഹേമ കമ്മീഷന് മുമ്പാകെ തുറന്നുപറഞ്ഞിട്ടുണ്ടെന്ന് പാര്‍വതി പറഞ്ഞു. ഏതൊക്കെ വ്യക്തകളാണ് ഇതിന് പിന്നിലുള്ളത്. അവര്‍ ചെയ്യുന്നത് എന്തൊക്കെ, കുറ്റകൃത്യം ചെയ്ത ശേഷം നടിമാരെ ഭയപ്പെടുത്തി നിര്‍ത്തുന്നത് എങ്ങനെ തുടങ്ങി എല്ലാ കാര്യങ്ങളും കമ്മീഷന് മുമ്പാകെ വിശദീകരിച്ചിട്ടുണ്ടെന്ന് പാര്‍വതി തിരുവോത്ത് പറഞ്ഞു. ഈ പ്രമുഖരുടെ പേരുകള്‍ നിങ്ങള്‍ക്ക് പുറത്തുപോയി വെളിപ്പെടുത്തിക്കൂടെ എന്ന് ജസ്റ്റിസ് ഹേമ കാഷ്വലായി പറഞ്ഞിരുന്നു. പാര്‍വതി ബോള്‍ഡാണ് എന്നാണ് പലരും പറയുന്നത്. എന്തിന് പാര്‍വതിയെ പോലുള്ളവര്‍ വരെ മിണ്ടാതിരിക്കുന്നു എന്ന് ചോദിക്കുന്നവരോട്, ജീവഭയം ഉള്ളത് കൊണ്ടു മാത്രമാണ് എന്നാണ് മറുപടി. ഇര പറഞ്ഞ പോലെ വീടിന്റെ വഴി ചോദിച്ചുള്ള വിളികള്‍, ഇതൊന്നും നല്ലതിനല്ല എന്ന ഭീഷണി കോളുകള്‍ ഞങ്ങള്‍ക്കും വരുന്നുണ്ടെന്നും പാര്‍വതി തുറന്നുപറഞ്ഞു. ജോലി ചെയ്യുക, വീട്ടില്‍ പോകുക എന്നത് ഇവിടെ അനുവദനീയമായ കാര്യമല്ല. പ്രൊഡ്യൂസേഴ്‌സ്, ഡയറക്ടേഴ്‌സ്, കണ്‍ട്രോളേഴ്‌സ് എന്നിവരൊക്കെ ആയാലും സെക്‌സ് റാക്കറ്റിന് ഫെസിലിറ്റേറ്റ് ചെയ്യുന്നുണ്ട്. കോംപ്രമൈസ് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. നിങ്ങളൊന്ന് അവരെ പോയി കാണണം, ഒറ്റയ്ക്ക് പോയാല്‍ മതി എന്ന കോളുകള്‍ നടിമാര്‍ക്ക് മാത്രമല്ല, സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന മറ്റു സ്ത്രീകള്‍ക്കും വരുന്നുണ്ടെന്നും പാര്‍വതി വിശദീകരിച്ചു. പള്‍സര്‍ സുനിയുടെ കത്തിലെ വിവരങ്ങള്‍ തള്ളുകയോ ശരിവയ്ക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ സെക്‌സ് റാക്കറ്റ് സംബന്ധിച്ച വിവരം എനിക്ക് ആശ്ചര്യകരമായി തോന്നുന്നില്ല. 17 വയസുള്ളപ്പോഴാണ് ഞാന്‍ സിനിമാ രംഗത്ത് വരുന്നത്. കലയോടുള്ള സ്‌നേഹവും ടാലന്റുമാണ് എന്നെ ഇവിടെ പിടിച്ചുനിര്‍ത്തുന്നത്. ആരുടെയും ഔദാര്യത്തിലല്ല സിനിമാ മേഖലയില്‍ നില്‍ക്കുന്നെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു. സിനിമാ മേഖലയിലെ വനിതകളുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. മോശമായി പെരുമാറിയവരുടെ പേരുകള്‍ ഒരുമിച്ച് പുറത്തുപറഞ്ഞൂടെ എന്ന് ചോദിച്ചിരുന്നു. പക്ഷേ ജീവന് ഭയമുള്ളത് കൊണ്ടാണ് മിണ്ടാത്തത്. എങ്കിലും നീതിക്ക് വേണ്ടി പോരാടി ഇവിടെ തന്നെയുണ്ടാകും. ഡബ്ല്യുസിസി രൂപീകരിക്കുന്ന വേളയില്‍ അവസരങ്ങള്‍ക്ക് പിന്നാലെ പോകണമോ അന്തസോടെ ജീവിക്കണമോ എന്ന ചോദ്യം ആദ്യമേ ഞങ്ങള്‍ ചോദിച്ചിരുന്നു. അതിന് ശേഷമാണ് ഇത്തരം നിലപാടിലേക്ക് എത്തിയത്.