മുംബൈ-ഇന്ത്യയില്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ വംശഹത്യാ ശ്രമങ്ങള്‍ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന് പ്രമുഖ ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ. 'ദി വയറി'ല്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലാണ് സമകാലിക ഇന്ത്യന്‍ സംഭവവികാസങ്ങളെ സംബന്ധിച്ച് രൂക്ഷമായ ഭാഷയില്‍ നസറുദ്ദീന്‍ ഷാ പ്രതികരിച്ചത്. നിലവിലെ സംഭവങ്ങളില്‍ അങ്ങേയറ്റം കലി തോന്നുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇതൊന്നും ഒരു വിഷയമായി തോന്നുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഹരിദ്വാറിലെ ധര്‍മസന്‍സദ് പരിപാടിയില്‍ മുസ്ലിങ്ങളെ കൊന്നൊടുക്കാനുള്ള ആഹ്വാനം ശരിക്കും ആഭ്യന്തര യുദ്ധത്തിനുള്ള ആഹ്വാനമാണ്. 20 കോടി മുസ്ലിങ്ങള്‍ അക്രമം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ ശ്രമിക്കും. ഇവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണവര്‍. ഇവിടെ ജനിച്ചു വളര്‍ന്നവരാണവര്‍. നിലവിലുള്ള മുസ്ലിങ്ങള്‍ മുഗള്‍ ഭരണകാലത്തെ കുഴപ്പങ്ങള്‍ക്ക് മറുപടി പറയണമെന്ന് ശഠിക്കുന്നത് വിഡ്ഡിത്തമാണ്. നീതിയിലെ വിവേചനം കൂടി വരുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.