പ്രോട്ടീനുകളാല്‍ സമ്പന്നമായ മികച്ച സമീകൃതാഹാരമാണ് കോഴി മുട്ട. പോഷകാഹാര കുറവുള്ളവര്‍ ദിവസവും ഒന്നോ രണ്ടോ മുട്ട കഴിക്കണമെന്നും പലരും ഉപദേശിക്കാറുമുണ്ട്. എന്നാല്‍ മുട്ട ഇങ്ങനെ കഴിക്കുന്നത് പണിയാകുമോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് പുതിയ ഗവേഷണം ഫലം സൂചിപ്പിക്കുന്നത്. ദിവസവും ഒന്നിലേറെ മുട്ട കഴിക്കുന്നത് ടൈപ്പ് ടു ഡയബെറ്റിസ് (പ്രമേഹം) പിടിപെടാന്‍ സാധ്യത കൂട്ടുമെന്നാണ് കണ്ടെത്തല്‍. മുട്ട ഇങ്ങനെ കഴിക്കുന്നവര്‍ക്ക് പ്രമേഹം വരാന്‍ 60 ശതമാനം വരെ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷന്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം പറയുന്നു. മുട്ട ഉപഭോഗവും രക്തത്തിലെ പഞ്ചസാരയുടെ തോതും തമ്മില്‍ താരതമ്യം ചെയ്ത് 8000 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ കാര്യമായി ശാരീരികാധ്വാനം ഇല്ലാത്ത, എന്നാല്‍ കൂടുതല്‍ മുട്ട കഴിക്കുകയും ചെയ്യുന്നവരില്‍ ഉയര്‍ന്ന മേദസ്സും കൊളസ്‌ട്രോളം കണ്ടെത്തി. ഇവര്‍ നന്നായി കൊഴുപ്പും പ്രോട്ടീനും അകത്താക്കിയവരും ആയിരുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയ നടത്തിയ ഈ ദീര്‍ഘകാല (1991-2009) പഠനത്തില്‍ പറയുന്നത് പുരുഷന്‍മാരേക്കാള്‍ ഈ പ്രമേഹ സാധ്യത കൂടുതല്‍ സ്ത്രീകളിലാണ് എന്നാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ കാണപ്പെടുന്ന കോളിന്‍ എന്ന പഥാര്‍ത്ഥത്തിന്റെ പ്രവര്‍ത്തനമാണ് മുട്ടയുടെ വെള്ളയിലെ രാസപഥാര്‍ത്ഥങ്ങളില്‍ നിന്നുള്ള കാര്‍ബോഹൈഡ്രേറ്റ് ആഗിരണം തടയുന്നതെന്നും ഈ പഠനം സൂചിപ്പിക്കുന്നു. അതേസമയം മുട്ട കൂടുതല്‍ കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകുമെന്ന് ഈ പഠന ഫലം തീര്‍പ്പിലെത്തുന്നുമില്ല. മുട്ട വെള്ളയാണ് നമുക്ക് ലഭ്യമായി ഗുണമേന്മയുള്ള ഏറ്റവും മകിച്ച പ്രോട്ടീന്‍. മുട്ടയും പ്രമേഹവും തമ്മില്‍ നേരിട്ടു ബന്ധമുണ്ടാകാന്‍ സാധ്യത കുറവാണെന്നും മുംബൈയിലെ ഭാട്ടിയ ഹോസ്പിറ്റലിലെ ഡയബറ്റോളജിസ്റ്റ് ഡോ. ശൈവല്‍ ചന്ദാലിയ പറയുന്നു.