വിജ്ഞാനം ജനാധിപത്യവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെ വിക്കി മീഡിയ ഫൗണ്ടേഷൻ ആറ് വർഷം മുമ്പ് ആരംഭിച്ച വിക്കിപീഡിയ സീറോ പദ്ധതി അവസാനിപ്പിക്കുന്നു. വികസ്വര രാജ്യങ്ങളിലെ സെല്ലുലാർ കമ്പനികൾ, ഡാറ്റാ ഫീസില്ലാതെ ഉപയോക്താക്കൾക്ക് വിക്കി വിജ്ഞാനം നേടാൻ അവസരം ഒരുക്കുന്നതാണ് വിക്കിപീഡിയ സീറോ പദ്ധതി. ഈ വർഷത്തോടെ പൂർണമായും ഇത് അവസാനിപ്പിക്കുമെന്ന് വിക്കി മീഡിയ അറിയിച്ചു. സീറോ പദ്ധതിക്കായി പുതിയ പങ്കാളികളെ കണ്ടെത്തുന്നില്ല. നിലവിലെ പങ്കാളിത്തം അവസാനിപ്പിച്ചു തുടങ്ങുകയും ചെയ്തു. 2016 മുതൽ ഇതിൽ മുതൽമുടക്ക് കുറഞ്ഞുവെന്നും സീറോ നിലനിർത്താൻ നിക്ഷേപം അനിവാര്യമാണെന്നുമാണ് വിക്കിമീഡിയ വിശദീകരിക്കുന്നത്. അതേസമയം ഇങ്ങനെയൊരു സൗകര്യമുള്ള കാര്യത്തെ കുറിച്ച് വികസ്വര ലോകത്ത് വലിയ അവബോധമില്ലാത്തതും ഡാറ്റാ ഫീസ് മിക്ക രാജ്യങ്ങളിലും കുറഞ്ഞുതമാണ് സീറോ സേവനം അവസാനിപ്പിക്കാൻ നിർബന്ധിതമാക്കിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
വികസ്വര രാജ്യങ്ങളിൽ സൗജന്യമായി വിക്കിപീഡിയ വിവരങ്ങൾ നൽകുന്നതിനായി തുടക്കമിട്ട സീറോ പദ്ധതിക്ക് തുടക്കത്തിൽ നല്ല സ്വീകാര്യതയുണ്ടായിരുന്നു. എല്ലാവർക്കും അറിവ് എന്ന ആപ്തവാക്യവുമായി 2012 ൽ തുടക്കമിട്ട വിക്കിപീഡിയ സീറോ പദ്ധതി 72 രാജ്യങ്ങളിലായി 97 ടെലികോം കമ്പനികളുമായി സഹകരിച്ചാണ് നടപ്പിലാക്കിയിരുന്നത്. പദ്ധതിയിലൂടെ മ്യാൻമർ, നേപ്പാൾ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേതടക്കം എട്ട് കോടി ആളുകളിലേക്കാണ് വിക്കിപീഡിയ വിവരങ്ങൾ എത്തിയത്. 2016 ന് ശേഷം പദ്ധതിയ്ക്ക് സ്വീകാര്യത കുറഞ്ഞതാണ് വിക്കിമീഡിയ ഫൗണ്ടേഷൻ പദ്ധതി പിൻവലിക്കാൻ കാരണം. പല വികസ്വര രാജ്യങ്ങളിലും വിക്കിപീഡിയയെ കുറിച്ച് അറിവില്ലാത്തതും അടിക്കടി മാറിക്കൊണ്ടിരിക്കുന്ന മൊബൈൽ വ്യവസായവും മൊബൈൽ ഡാറ്റാ നിരക്കുകളിലുണ്ടായ മാറ്റങ്ങളുമാണ് പദ്ധതിയോടുള്ള താൽപര്യം കുറയാനിടയാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. വികസ്വര രാജ്യങ്ങളിൽ മാത്രം സൗജന്യ സേവനം നൽകുന്നത് വിക്കിപീഡിയയുടെ നെറ്റ് ന്യൂട്രാലിറ്റി നിലപാടിന് വിരുദ്ധമാണെന്ന വിമർശനം ഉയർന്നതും വിക്കിമീഡിയയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതായി നിരീക്ഷകർ അഭിപ്രായപ്പെടുന്നു.