ഫെയ്‌സ്ബുക്ക് പ്രൊഫൈൽ നിലവിലുള്ള സുഹൃത്തുക്കളും ഫോട്ടോകളും മറ്റും നഷ്ടപ്പെടാതെ തന്നെ ഒരു ഫെയ്‌സ്ബുക്ക് പേജ് ആക്കി മാറ്റാം. നിലവിലുളള സുഹൃത്തുക്കളെ പുതുതായി ആരംഭിക്കുന്ന പേജ് ലൈക്ക് ചെയ്യുന്നതിന് നിർബന്ധിക്കേണ്ടതില്ലേ എന്ന് ആലോചിക്കേണ്ട. നിങ്ങളുടെ സുഹൃത്തുക്കളെയെല്ലാം നിലനിർത്തിക്കൊണ്ടു തന്നെയാണ് പേജാക്കി മാറ്റുന്നതിനുള്ള സൗകര്യം ഫെയ്‌സ്ബുക്ക് നൽകുന്നത്. കൂട്ടുകാരുടെ എണ്ണം കൂടുമ്പോൾ സാധാരണ അക്കൗണ്ടും പ്രൊഫൈലും മതിയാവില്ല എന്നതിനു പുറമെ ഫെയ്‌സ്ബുക്ക് പേജിന് അതിന്റേതായ വേറെയും ഗുണങ്ങളുണ്ട്. വ്യക്തിപരമായ ആവശ്യങ്ങൾക്കുപരി നിങ്ങളുടെ അക്കൗണ്ട് ബിസിനിസ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ ഫെയ്‌സ് ബുക്ക് അക്കൗണ്ട് നഷ്ടമാകും. ഫെയ്‌സ്ബുക്കിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ പ്രൊഫൈൽ എന്നെന്നേക്കുമായി നഷ്ടപ്പെടുകയായിരിക്കും അതിന്റെ ഫലം. ഫെയ്‌സ്ബുക്ക് പേജ് ആയി മാറ്റാൻ ഉദ്ദേശിക്കുന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്തശേഷം ഇനി കാണുന്ന ലിങ്കിൽ പ്രവേശിക്കുക. https://www.facebook.com/pages/create/migrate/ . ഈ വിൻഡോയിൽ പ്രൊഫൈൽ പേജിലേക്ക് മാറ്റുന്നതിന് ആവശ്യമായ ചില കാറ്റഗറികൾ കാണാം. വിൻഡോയുടെ ചുവടെ വലതു വശത്തായി കാണുന്ന ഗറ്റ് സ്റ്റാർട്ടഡ് എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ തുറക്കപ്പെടുന്ന എബൗട്ട് യുവർ പേജ് എന്ന വിൻഡോയിൽ ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം അടുത്ത പേജിലേക്ക് പോകാം. പേജ് ലൈക്ക് ചെയ്യുന്നതിന് ആഗ്രഹിക്കുന്ന സുഹൃത്തുക്കളെ സെലക്ട് ചെയ്യാനുള്ളതാണ് ഈ വിൻഡോ.
ഫെയ്‌സ്ബുക്ക് പ്രൊഫൈലിലെ എല്ലാ കോൺടാക്ടും ഉൾപ്പെടുത്തുന്നതിന് സെലക്ട് ആൾ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. ഇതോടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലുള്ള എല്ലാവരുടേയും ലൈക്കുകൾ മാറ്റിയ പേജിനും ലഭിക്കുന്നു. തുടർന്ന് പ്രൊഫൈലിലെ ഫോട്ടോകളും വീഡിയോകളും പേജിലേക്ക് മാറ്റാം. ഫെയ്‌സ്ബുക്ക് പ്രൊഫൈൽ എന്തിനു പേജാക്കി മാറ്റണം, എങ്ങനെ മാറ്റാം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഫെയ്‌സ്ബുക്ക് ഹെൽപ് പേജിൽ ലഭ്യമാണ്.